ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അസമിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനപാരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ലക്ഷ്മൺആചാര്യയാണ് ശർമ്മയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രധാനമന്ത്രിമോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് , കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടക്കം ബിജെപി-എൻഡിഎയിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ശർമ്മയ്ക്കൊപ്പം അഞ്ച് മന്ത്രിമാരും മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
അസമിലെ വൈഷ്ണവ മഠങ്ങളിൽ നിന്നുള്ള 15 സത്രാധികാരികൾ ഉൾപ്പെടെ നിരവധി മതനേതാക്കളും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. വ്യവസായ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പരമ്പരാഗത അസമീസ് വേഷത്തിൽ വേദിയിലെത്തിയ ഹിമന്ത ബിശ്വ ശർമ്മ, പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും ആവേശകരമായ മുദ്രാവാക്യങ്ങൾക്കിടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
സമീപകാല നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ശർമ്മ വീണ്ടും അധികാരത്തിലെത്തുന്നത്. 2021ൽ ആദ്യമായി മുഖ്യമന്ത്രിയായ അദ്ദേഹം, ഇപ്പോൾ രണ്ടാം തവണയും അധികാരമേറ്റ് ചരിത്ര നേട്ടം സ്വന്തമാക്കി.
