രമേശ് ചെന്നിത്തല: കെ എസ് യു വിൽ നിന്ന് തുടങ്ങി കോൺഗ്രസിന്റെ കാവൽഭടനിലേക്കുള്ള യാത്ര

കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രമേശ് ചെന്നിത്തല , പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായി മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. പാർട്ടി കടുത്ത വെല്ലുവിളികൾ നേരിട്ട സമയങ്ങളിൽ എല്ലാം ചെന്നിത്തല മുന്നിൽ നിന്ന് നേതൃത്വം നൽകി .

1980ൽ കെഎസ്യു സംസ്ഥാന അധ്യക്ഷനായി ഉയർന്ന അദ്ദേഹം 1982ൽ എൻഎസ്‌യുഐ ദേശീയ അധ്യക്ഷനായി. അതേ വർഷം തന്നെ മന്ത്രിയായും ചുമതലയേറ്റു. 28ാം വയസ്സിൽ ലഭിച്ച മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വലിയ കരുത്തായി.

ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരിക്കെ “ഓപ്പറേഷൻ കുബേര”, “ക്ലീൻ ക്യാമ്പസ്”, “സേഫ് ക്യാമ്പസ്” തുടങ്ങിയ പദ്ധതികളിലൂടെ പൊലീസിന് ജനകീയ മുഖം നൽകാൻ ശ്രമിച്ചതും ശ്രദ്ധേയമായി. 2016 മുതൽ 2021 വരെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സർക്കാരിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്തുണ്ടായിരുന്നു.

കെ കരുണാകരൻ പാർട്ടി വിട്ട കാലഘട്ടത്തിൽ കോൺഗ്രസിനെ നിലനിർത്തുന്നതിൽ ചെന്നിത്തല നിർണായക പങ്കുവഹിച്ചിരുന്നു . നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവുമാണ് അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാന സ്വപ്നം യാഥാർത്ഥ്യമാകാതെ പോയെങ്കിലും, ഇത്തവണ വിഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ അദ്ദേഹത്തിന്റെ സീനിയോറിറ്റിക്ക് അംഗീകാരം ലഭിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക