ബലൂചിസ്ഥാനിൽ സെക്ഷൻ 144 ഏർപ്പെടുത്തി പാകിസ്ഥാൻ ; തീവ്രവാദ ഭീഷണിയെ തുടർന്ന് കർശന നിയന്ത്രണങ്ങൾ

ബലൂചിസ്ഥാൻ പ്രവിശ്യയിൽ സെക്ഷൻ 144 പ്രഖ്യാപിച്ച് പാകിസ്ഥാൻ സർക്കാർ. തീവ്രവാദ ഭീഷണികളെ മുൻനിർത്തിയുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ആയുധങ്ങൾ പൊതുവിൽ പ്രദർശിപ്പിക്കുന്നത്, മോട്ടോർസൈക്കിളുകളിൽ ഇരട്ടസവാരി നടത്തുന്നത്, അഞ്ചോ അതിലധികമോ പേരുടെ ഒത്തുചേരൽ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ തടസപ്പെടാതിരിക്കാനായി പൊതുസ്ഥലങ്ങളിൽ മുഖംമൂടി, മഫ്‌ളർ തുടങ്ങിയവ ഉപയോഗിച്ച് മുഖം മറയ്ക്കുന്നതിനും വിലക്കുണ്ട്.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ എല്ലാ ഡിവിഷണൽ കമ്മീഷണർമാർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. മോട്ടോർസൈക്കിളുകളിൽ പിൻസവാരി ചെയ്യുന്നതും നാലിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നതും നിരോധിച്ചതായി ആഭ്യന്തര വകുപ്പിന്റെ മീഡിയ അസിസ്റ്റന്റ് ബാബർ യൂസഫ്‌സായി അറിയിച്ചു.

“ഫിത്‌ന അൽ-ഖവാരിജ്”, “ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ” എന്നീ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാസേനയെ അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, പാകിസ്ഥാൻ മനുഷ്യാവകാശ സംഘടന (HRCP) ബലൂചിസ്ഥാനിലെയും ഖൈബർ- പഷ്തൂനിലെയും സുരക്ഷാ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. നിർബന്ധിത തിരോധാനങ്ങൾ, ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ എന്നിവയിൽ സാധാരണക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക