ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനായി നാളെ ഗുവാഹത്തിയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ നിർണായക ചർച്ച നടക്കുമെന്നാണ് വിവരം. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാടും നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും സെലക്ഷൻ കമ്മിറ്റിയും തമ്മിൽ സൂര്യകുമാറിന്റെ ഭാവിയെക്കുറിച്ച് പ്രത്യേക ചർച്ച നടത്താനും സാധ്യതയുണ്ട്.
സഞ്ജു സാംസണിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവും തന്നെയാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രധാന കാരണം. ടി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നേരത്തെ, സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു കൂടുതൽ പരിഗണന. എന്നാൽ 2023 ഡിസംബർ മുതൽ ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിക്കാത്തത് അദ്ദേഹത്തിന് തിരിച്ചടിയായി. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കണം, തുടർന്ന് മാത്രമേ നായകസ്ഥാനത്തേക്ക് പരിഗണിക്കൂ എന്നതാണ് സെലക്ടർമാരുടെ നിലപാടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
