ബ്രസീൽ ലോകകപ്പ് ടീമിൽ നെയ്മർ തിരിച്ചെത്തി

അടുത്ത മാസം നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരം നെയ്മറിനെ ഉൾപ്പെടുത്തി. രണ്ടര വർഷത്തിലേറെയായി ദേശീയ ടീമിൽ നിന്ന് വിട്ടുനിന്നിരുന്ന നെയ്മറിന്റെ തിരിച്ചുവരവാണ് ഇതിലൂടെ സംഭവിക്കുന്നത്. ബ്രസീലിയൻ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരുന്ന സെലക്ഷൻ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് പരിശീലകൻ കാർലോ ആൻസെലോട്ടി അവസാന നിമിഷം നെയ്മറുടെ പേര് പ്രഖ്യാപിച്ചത്.

റിയോ ഡി ജനീറോയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം ആൻസെലോട്ടി വിശദീകരിച്ചു. “നെയ്മർ ഒരു ബാക്കപ്പ് ഓപ്ഷൻ മാത്രമല്ല. അദ്ദേഹത്തിന്റെ കഴിവുകളും അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നതിനാലാണ് തിരഞ്ഞെടുക്കിയത്,” അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഒരു മിനിറ്റ് കളിച്ചാലും മുഴുവൻ 90 മിനിറ്റ് കളിച്ചാലും പ്രശ്നമല്ല. ടീമിന് അദ്ദേഹം നൽകുന്ന സംഭാവനയുടെ ഗുണമേന്മയാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. കളിക്കാൻ യോഗ്യനാണെങ്കിൽ അദ്ദേഹം കളിക്കും. പരിശീലനത്തിലെ പ്രകടനമാകും അന്തിമ തീരുമാനം നിർണയിക്കുക,” ആൻസെലോട്ടി കൂട്ടിച്ചേർത്തു.

128 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റതോടെയാണ് അദ്ദേഹം ദേശീയ ടീമിൽ നിന്ന് പുറത്തായത്.

മുൻ ബാഴ്‌സലോണ, പിഎസ്ജി താരം പരിക്കുകളുടെ പിടിയിലായിരുന്നെങ്കിലും കഴിഞ്ഞ ജനുവരിയിൽ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങിയെത്തിയിരുന്നു. തുടർന്ന് വിവിധ മത്സരങ്ങളിലായി 38 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടുകയും ചെയ്തു.

“മുഴുവൻ വർഷവും ഞങ്ങൾ നെയ്മറിന്റെ പ്രകടനം വിലയിരുത്തിയിരുന്നു. ഈ ലോകകപ്പിൽ അദ്ദേഹം ബ്രസീലിന് നിർണായക താരമായിരിക്കും,” ആൻസെലോട്ടി പറഞ്ഞു. “ടീമിലെ മറ്റ് 25 താരങ്ങളെപ്പോലെ തന്നെയാണ് അദ്ദേഹത്തിന്റെയും ഉത്തരവാദിത്തം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക