ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമാകുന്നു ; എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കാണുന്നു

വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള അവഹേളനമായാണ് അവസാന നിമിഷത്തെ ഈ ഒഴിവാക്കലിനെ ‘എ’ ഗ്രൂപ്പ് വിലയിരുത്തുന്നത്.

ബെന്നി ബഹനാൻ എം.പി.യുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും സംസ്ഥാന ചുമതലയുള്ള ദീപാ ദാസ് മുൻഷിയെയും നേരിൽ കണ്ട് അതൃപ്തി അറിയിച്ചു. കൂടാതെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഫോണിൽ ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ദേശീയ നേതാക്കളെ നേരിൽ കാണുന്നതിനായി അപ്പോയിന്റ്മെന്റും തേടിയിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും വിഷയത്തിൽ തന്റെ വിയോജിപ്പ് എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഉമ്മൻചാണ്ടിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് നേടിയ ശേഷം മകനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.

ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച ചാണ്ടി ഉമ്മൻ, മന്ത്രിസ്ഥാനം മാത്രമല്ല ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ഏറ്റവും വലിയ സ്ഥാനമെന്ന് വ്യക്തമാക്കി. “കേരളത്തിന്റെ മകൻ” എന്ന വിശേഷണമാണ് തനിക്ക് ഏറ്റവും വലിയ ബഹുമതിയെന്നും സത്യപ്രതിജ്ഞാ ചടങ്ങിനിടെ പിതാവിന്റെ പേര് വിളിച്ച് ജനങ്ങൾ മുദ്രാവാക്യം മുഴക്കിയത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം അനിവാര്യമല്ലെന്നും പൊതുപ്രവർത്തനം തുടരുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക