‘അമ്മ’ സംഘടന പിരിച്ചുവിടണമെന്ന മുൻമന്ത്രി ജി. സുധാകരന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് നടൻ രവീന്ദ്രൻ. സിനിമാ മേഖലയിലെ നിരവധി കലാകാരൻമാർക്ക് ആശ്വാസവും പിന്തുണയും നൽകുന്ന സംഘടനയാണ് ‘അമ്മ’യെന്നും അതിനെ ഇല്ലാതാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ചും രവീന്ദ്രൻ പ്രതികരിച്ചു. ആരോപണങ്ങൾ ഉയർന്നപ്പോൾ ശ്വേത വിഷയത്തെ നേരിടാൻ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. പ്രശ്നങ്ങൾ ഉയരുമ്പോൾ അതിനെ ധൈര്യപൂർവം നേരിടുകയും വ്യക്തത വരുത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ വിവാദങ്ങളിൽ സംഘടനയിലെ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉറപ്പായും ഇടപെടുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും രവീന്ദ്രൻ പറഞ്ഞു. സംഘടനയുടെ ഐക്യവും നിലനിൽപ്പും സംരക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
‘അമ്മ’ മലയാള സിനിമയിലെ കലാകാരൻമാരുടെ കൂട്ടായ്മയാണെന്നും ചില വിവാദങ്ങളുടെ പേരിൽ സംഘടനയെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുതെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.
