ശബരിമല സ്വർണ്ണക്കൊള്ള; രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് പങ്കുവെച്ച തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, അതേ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെയും പൊലീസ് സൈബർ സെല്ലിന്റെയും നിർദ്ദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു. “ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ സംസ്ഥാന സർക്കാരിന്റെയും സൈബർ സെല്ലിന്റെയും നിർദ്ദേശ പ്രകാരം ഇൻസ്റ്റഗ്രാമിൽ നിന്ന് ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്,” എന്ന് അദ്ദേഹം കുറിച്ചു.

ഇത് സർക്കാരിന്റെ പേടിയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സൈബർ ഇടങ്ങളിൽ വീഡിയോ നിരോധിച്ചാലും ജനങ്ങളുടെ മനസ്സിൽ നിന്നത് മായ്ക്കാനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. “സ്വർണ്ണം കട്ടവൻ ആരപ്പാ, സഖാക്കളാണെ അയ്യപ്പാ” എന്ന വരികളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക