കാലവർഷം ശക്തി പ്രാപിച്ചു: മഹാരാഷ്ട്രയിൽ കനത്ത മഴ, നാല് ജില്ലകളിൽ ‘റെഡ് അലേർട്ട്’; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. നാസിക് ഘട്ട് മേഖലകൾ, പൂനെ ഘട്ട് മേഖലകൾ, പാൽഘർ, റായ്ഗഡ് ജില്ലകൾ എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ, താനെ, രത്‌നഗിരി, നാസിക്, സതാര ഘട്ട് മേഖലകൾ, അകോള, അമരാവതി ജില്ലകൾ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി, നവി മുംബൈ, കല്യാൺ-ഡോംബിവ്‌ലി, ഭിവണ്ടി, നാസിക്, പൂനെയിലെ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയും വെള്ളക്കെട്ടിനുള്ള സാധ്യതയും കണക്കിലെടുത്താണ് മുൻകരുതൽ നടപടി.

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയ്ക്ക് താൽക്കാലിക ശമനം ലഭിച്ചെങ്കിലും നഗരത്തിൽ ഇപ്പോഴും ഓറഞ്ച് അലർട്ട് തുടരുകയാണ്. ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ കനത്ത മേഘാവൃതം തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മുംബൈയിലെ പ്രധാന ജലപാതകളിലൊന്നായ മിഥി നദി പൂർണ ശേഷിയിൽ ഒഴുകുന്നതായാണ് റിപ്പോർട്ടുകൾ. കനത്ത മഴയെ തുടർന്ന് നഗരത്തിലെ ഉപനഗര റെയിൽ ഗതാഗതവും സാരമായി ബാധിച്ചു. വെസ്റ്റേൺ റെയിൽവേയിൽ ലോക്കൽ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് സർവീസ് നടത്തുന്നത്. വസായ്-വിരാർ സെക്ഷനിലെ ട്രാക്കുകളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. സെൻട്രൽ റെയിൽവേയിലും ഹാർബർ ലൈനിലും ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നത്.

പാൽഘർ ജില്ലയിലാണ് മഴയുടെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. വസായ്-വിരാർ, സഫാലെ, കെൽവെ, പാൽഘർ, ബോയ്സർ, മാനർ, വാഡ മേഖലകളിൽ മണിക്കൂറുകളോളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് നദികളും തോടുകളും കരകവിഞ്ഞൊഴുകി. ഖാനിവ്‌ഡെയ്ക്ക് സമീപം തൻസ നദി അപകടനിലയിലെത്തി. നദീതീര പ്രദേശങ്ങളിലെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും വെള്ളം കയറിയതോടെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മാനറിന് സമീപമുള്ള വൈതർണ നദിയിലും വെള്ളപ്പൊക്കം രൂക്ഷമായി. നിരവധി റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഡ മേഖലയിലെ നിരവധി വീടുകളിലും വെള്ളം കയറി. മഴയെ തുടർന്ന് റെയിൽ, റോഡ് ഗതാഗതം പല ഭാഗങ്ങളിലും സ്തംഭിച്ച നിലയിലാണ്.

മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടു. ധേകലെയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലും കുന്നുകളിൽ നിന്ന് ഒഴുകിയെത്തിയ മഴവെള്ളവും ദേശീയപാതയെ വെള്ളത്തിനടിയിലാക്കി. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയും ചെയ്തു.

അതേസമയം, നാസിക് മേഖലയിൽ മേഘവിസ്ഫോടന സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടത്തിയ പ്രതികരണത്തിൽ, കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങൾ ഗൗരവമായി കാണണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവധി പ്രഖ്യാപനങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും അവഗണിച്ച് ജീവനക്കാരെ ജോലിക്ക് ഹാജരാകാൻ നിർബന്ധിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം മഴയുടെ ശക്തി ഉടൻ കുറയുമെന്ന സൂചനകളില്ലാത്തതിനാൽ ദുരന്തനിവാരണ സേനകളും പ്രാദേശിക ഭരണകൂടങ്ങളും അതീവ ജാഗ്രതയിലാണ്.

മറുപടി രേഖപ്പെടുത്തുക