പി.കെ. ശശി സിഎംപിയിലേക്ക്; ലയനം പ്രഖ്യാപിച്ചു; ഇടതുപക്ഷ രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ തുടക്കമെന്ന് സി.പി. ജോൺ

സിപിഎം മുൻ എംഎൽഎയും മുൻ കെ.ടി.ഡി.സി ചെയർമാനുമായ പി.കെ. ശശി സി.എം.പിയിലേക്ക് ചേക്കേറുന്നു. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സി.എം.പിയിൽ ലയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറ്റവും കൂടുതൽ യോജിച്ചുപോകാൻ കഴിയുന്ന പാർട്ടിയാണ് സി.എം.പി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലയന തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എം.പി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോണിന്റെ സാന്നിധ്യത്തിലായിരുന്നു ലയന പ്രഖ്യാപനം. പാർട്ടി നേതൃത്വം ഏകകണ്ഠമായാണ് ഈ തീരുമാനത്തെ അംഗീകരിച്ചതെന്നും പി.കെ. ശശി പറഞ്ഞു.

ശശിയുടെ വരവിനെ സ്വാഗതം ചെയ്ത സി.പി. ജോൺ, അദ്ദേഹത്തെ സി.എം.പി സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതായും അറിയിച്ചു. ഈ മാസം 27ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സി.എം.പിയുടെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചേരുന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ ലയനവുമായി ബന്ധപ്പെട്ട സംഘടനാപരമായ നടപടികൾ ഔദ്യോഗികമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ കൂടുതൽ വ്യാപകമായ പുനഃക്രമീകരണത്തിന് തുടക്കമിടുന്നതാണ് ഈ ലയനമെന്ന് സി.പി. ജോൺ അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പി.കെ. ശശിയെ സി.എം.പിയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ നടന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊഴിഞ്ഞാമ്പാറ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ലയനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, കമ്മ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന സിപിഎം യഥാർത്ഥ കമ്മ്യൂണിസ്റ്റ് തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ഏകാധിപത്യ പ്രവണതകളിലേക്ക് നീങ്ങുകയാണെന്നും സി.പി. ജോൺ ആരോപിച്ചു. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ ഇടം തിരിച്ചുപിടിക്കുകയാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക