തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കൽ നടപടികളും പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിൽവർ ലൈൻ ഉപേക്ഷിച്ചതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫ് സബ് കമ്മിറ്റി നടത്തിയ പഠനവും സമർപ്പിച്ച വിശദമായ റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വികസനത്തിനായി ‘വിഷൻ 2031’ നടപ്പാക്കുമെന്നും, അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി 100 ദിവസത്തെ കർമ്മപദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്മ പുരസ്കാരങ്ങൾക്ക് ശുപാർശ നൽകുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിൽവർ ലൈനിന് പകരമായി സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി തുടങ്ങിയ ബദൽ പദ്ധതികളും സർക്കാർ പരിഗണനയിലുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.
