പുൽവാമ ആക്രമണക്കേസിലെ പ്രധാന സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കാശ്മീരിൽ കൊല്ലപ്പെട്ടു

2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായി കരുതപ്പെടുന്ന അൽ-ബദർ ഭീകര സംഘടനയുടെ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. അർജുമന്ദ് ഗുൽസാർ ദാർ എന്നതാണ് ഇയാളുടെ യഥാർത്ഥ പേര്.

ആക്രമണത്തിൽ നിരവധി വെടിയുണ്ടകൾ ശരീരത്തിൽ ഏറ്റതിനെ തുടർന്നാണ് ഹംസ ബുർഹാൻ മരിച്ചത്. കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യൽ, ആയുധങ്ങൾ എത്തിക്കൽ, 2020 നവംബറിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണം ഉൾപ്പെടെ നിരവധി തീവ്രവാദ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചിരുന്നതും ഇയാളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദാർ നടത്തിയ ചാവേർ ആക്രമണത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും, തെക്കൻ കശ്മീരിലെ ഭീകര ശൃംഖലയെ നിയന്ത്രിക്കുകയും ചാവേറുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തത് ഹംസ ബുർഹാനാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ സേന ശക്തമായ തിരച്ചിൽ ആരംഭിച്ചതോടെ ഇയാൾ പാക് അധീന കശ്മീരിലേക്ക് കടന്നത് .

തുടർന്ന് 2022-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഹംസ ബുർഹാനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഭീകരാക്രമണങ്ങളിൽ ഒന്നായ പുൽവാമ ആക്രമണത്തിന് പിന്നാലെ, 2019 ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകര ക്യാമ്പുകൾക്കെതിരെ മിന്നലാക്രമണം നടത്തിയതും വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

മറുപടി രേഖപ്പെടുത്തുക