കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. മൂന്ന് മാസത്തെ കണക്കുകൾ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാലും 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സിറ്റിഫാസ്റ്റ്, ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാൽ 90 കോടി രൂപയുടെ നഷ്ടവും ഉണ്ടാകുമെന്നാണ് കണക്ക്.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വനിതാ യാത്രക്കാരുടെ കണക്ക് ശേഖരിക്കാൻ കെഎസ്ആർടിസി ജെൻഡർ ടിക്കറ്റിങ് സംവിധാനം നടപ്പാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് സർക്കാരിന് കൈമാറിയതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയാകും പദ്ധതി നടപ്പിലാക്കുക.
പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ ഏകദേശം 19 ലക്ഷം പേരും സ്ത്രീകളാണെന്ന വിവരവും പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
