ഇന്ത്യൻ സായുധ സേനയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിക്കുശേഷം ഭീകരസംഘടനയായ ലക്ഷർ ഇ ത്വയ്യിബ പുനഃസംഘടനാ ശ്രമങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ട്. മുറിദ്കെയിലെ പ്രധാന പരിശീലനകേന്ദ്രം ഉൾപ്പെടെ സംഘടനയ്ക്ക് വലിയ നഷ്ടമുണ്ടായതിനെത്തുടർന്നാണ് പുതിയ നീക്കങ്ങൾ.
ഓപ്പറേഷനിന് പിന്നാലെ ലഷ്കർ നേതാക്കളും പാകിസ്ഥാൻ ഐഎസ്ഐയും തമ്മിൽ നിരവധി ചർച്ചകൾ നടന്നതായി ഇന്ത്യൻ ഏജൻസികൾ വിലയിരുത്തുന്നു. എന്നാൽ ഐഎസ്ഐയുമായും പാകിസ്ഥാൻ സൈന്യവുമായും സംഘടനയ്ക്കുള്ള വിശ്വാസപ്രശ്നങ്ങൾ കാരണം രാഷ്ട്രീയ നേതൃത്വത്തെ ഉൾപ്പെടുത്തി പുതിയ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന.
സമീപകാലത്ത് ഫൈസലാബാദിൽ ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായിയായ റാണ സനാവുള്ളയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. തുടർന്ന് ഇസ്ലാമാബാദിൽ സനാവുള്ളയും ഷെഹ്ബാസ് ഷെരീഫും തമ്മിലും ചർച്ച നടന്നു.
ലഷ്കറിനുള്ളിലെ നേതൃത്വമാറ്റം സംബന്ധിച്ച ചർച്ചകളാണ് പ്രധാനമായും നടന്നതെന്നാണ് വിവരം. 75 കാരനായ ഹാഫിസ് സയീദ് പ്രായാധിക്യം കാരണം സജീവ നേതൃത്വത്തിൽ നിന്ന് മാറി പ്രത്യയശാസ്ത്ര ഉപദേഷ്ടാവിന്റെ നിലയിലേക്ക് മാറണമെന്നും, മകൻ തൽഹ സയീദിനെ സംഘടനയുടെ ഔദ്യോഗിക തലവനായി പ്രഖ്യാപിക്കണമെന്നുമാണ് ചില കേന്ദ്രങ്ങളുടെ നിലപാട്.
50കാരനായ തൽഹ സയീദ് പുതിയ സാങ്കേതിക വിദ്യകളും സംഘടനാ സംവിധാനങ്ങളും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നേതാവാണെന്നാണ് വിലയിരുത്തൽ. അടുത്തിടെ സംഘടനാ കേഡറുമായി കൂടുതൽ ഇടപഴകി സ്വാധീനം വർധിപ്പിച്ച തൽഹയെ ഔദ്യോഗികമായി മുന്നിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
