പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്യേണ്ടത്: എം.ബി. രാജേഷ്

എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനമേറിയതിന് പിന്നാലെയാണ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് നടപടി നടന്നതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. സംഭവത്തെ ‘അനീതിയും ക്രൂരതയും’ എന്ന രീതിയിൽ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സമാന വിഷയങ്ങളിൽ മാനുഷിക സമീപനം സ്വീകരിച്ചതായും, അന്ന് പോലീസിന് ഇത്തരം കടുത്ത നടപടികൾക്ക് ധൈര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ നടപടിക്ക് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണെന്നും എം.ബി. രാജേഷ് ആരോപിച്ചു.

പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്യേണ്ടതെന്ന് എം.ബി. രാജേഷ് ആഞ്ഞടിച്ചു. മുൻ സർക്കാർ ഈ പ്രശ്നം കൈകാര്യം ചെയ്തതുപോലെ നീതിയുടെ മാനുഷിക പരിഗണനയുള്ള പാഠം ഉൾക്കൊള്ളാൻ പുതിയ സർക്കാർ തയാറാകണം. ഈ വിഷയത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സത്വവാദികളും ജമാഅത്തെ ഇസ്‌ലാമിയും പുലർത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

അതേസമയം, മാധ്യമ-സാംസ്കാരിക കൂട്ടായ്മകളുടെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ചില സംഘടനകളുടെയും നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ദലിത് കുടുംബങ്ങളുടെ പ്രശ്നത്തിൽ സർക്കാർ കൂടുതൽ മാനുഷിക സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക