യുഎസ്–ഇറാൻ സംഘർഷം നിർണായക ഘട്ടത്തിലേക്ക്; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ്–ഇറാൻ സംഘർഷം വീണ്ടും നിർണായക ഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. പുതിയ സൈനിക നടപടികൾക്ക് ട്രംപ് നേതൃത്വം നൽകാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയാണ് ഉയരുന്നത്.

മുൻകരുതൽ നടപടിയായി ഇറാൻ തങ്ങളുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾ സ്തംഭിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ നയതന്ത്ര പുരോഗതി ഉണ്ടായില്ലെങ്കിൽ ഇറാനെതിരായ പ്രധാന സൈനിക നടപടിക്ക് ട്രംപ് അംഗീകാരം നൽകാൻ സാധ്യതയുണ്ടെന്ന് സിബിഎസ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷം രൂക്ഷമായതോടെ യുഎസ് സൈനിക-രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ അടിയന്തരമായി പദ്ധതികൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ട്രംപ് വാരാന്ത്യ യാത്രകൾ റദ്ദാക്കി വാഷിംഗ്ടണിലേക്ക് മടങ്ങി.

തന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഷിംഗ്ടണിൽ തുടരേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’-ൽ കുറിച്ചു.

കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ആണവായുധ വികസനം അനുവദിക്കില്ലെന്നും യുറേനിയം ശേഖരം മാറ്റണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, അത് വിദേശത്തേക്ക് മാറ്റില്ലെന്ന നിലപാടിലാണ് ഇറാൻ.

ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹാരമില്ലാതെ നീളുന്നത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാധ്യത ഉയർത്തിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക