‘ കോക്രോച് ജനതാ പാർട്ടി’ എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. യുവജന പ്രതിഷേധങ്ങൾക്ക് വ്യാപക സ്വീകാര്യത ലഭിക്കുന്നതിലുള്ള ഭയമാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിൽ ഈ പ്ലാറ്റ്ഫോമിന് ജനശ്രദ്ധ നേടാനായെന്നും അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാർ ഭയപ്പെടുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയും അവഗണനയും നേരിടുന്ന യുവാക്കളുടെ അസന്തുഷ്ടിയാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
“പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധത്തെ വെറും താൽക്കാലിക പ്രതികരണമായി കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ, അസമത്വം, ചൂഷണം എന്നിവയ്ക്കെതിരായ ശക്തമായ രാഷ്ട്രീയ വികാരമാണ് അതിന് പിന്നിലുള്ളതെന്നും ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയാണ് കേന്ദ്രസർക്കാരിനെ അടിച്ചമർത്തൽ നടപടികളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധത്തോടോ വിയോജിപ്പ് ഉണ്ടാകാമെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉപയോഗിക്കുന്ന യുവജന കൂട്ടായ്മകളെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
