വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തോക്കുധാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സാധാരണക്കാരന് പരിക്കേറ്റു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവസമയത്ത് വൈറ്റ് ഹൗസിനുള്ളിലായിരുന്നുവെന്നും അദ്ദേഹത്തിന് സുരക്ഷിതനാണെന്നും അധികൃതർ അറിയിച്ചു.
വൈകുന്നേരം 6 മണിക്ക് ശേഷമാണ് 17-ാം സ്ട്രീറ്റിനും പെൻസിൽവാനിയ അവന്യൂ NW നും സമീപം, വൈറ്റ് ഹൗസ് സമുച്ചയത്തിനടുത്ത് വെടിവയ്പ്പ് ഉണ്ടായത്. എക്സിക്യൂട്ടീവ് കോംപ്ലക്സിനും ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിനും സമീപമായിരുന്നു സംഭവം.
സീക്രട്ട് സർവീസ് കമ്മ്യൂണിക്കേഷൻസ് മേധാവി ആന്റണി ഗുഗ്ലിയൽമി വ്യക്തമാക്കിയതനുസരിച്ച്, ഒരു വ്യക്തി ബാഗിൽ നിന്ന് ആയുധം പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഉടൻ പ്രതികരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച പ്രതിയെ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.
വെടിവയ്പ്പിനിടെ ഒരാൾക്കും വെടിയേറ്റു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തുവന്നിട്ടില്ല.
സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസ് സമുച്ചയം താൽക്കാലികമായി അടച്ചു. മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും സുരക്ഷാ കാരണങ്ങളാൽ പ്രസ് ബ്രീഫിംഗ് റൂമിലേക്ക് മാറ്റി. പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായി മാധ്യമപ്രവർത്തകർ വിവരിച്ചു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും എഫ്‌ബിഐ സഹായം നൽകുകയാണെന്നും അധികൃതർ അറിയിച്ചു. പ്രതിയുടെ തിരിച്ചറിയലോ ഉദ്ദേശ്യമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
