യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപ; വിവരാവകാശ രേഖ പുറത്തുവന്നു

കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് സർക്കാരിന്റെ ധവളപത്രം പുറത്തിറക്കാനിരിക്കെ, ഖജനാവിലെ ബാക്കി തുക സംബന്ധിച്ച് വിവരാവകാശ രേഖ പുറത്ത്. എൽഡിഎഫ് സർക്കാർ അധികാരം കൈമാറുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ ശേഷിച്ചിരുന്നുവെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഈ മാസം ഒന്നുവരെ ലഭ്യമായ കണക്കുകളാണ് ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഉയർത്തിയ വിമർശനങ്ങൾ വിവാദമായിരുന്നു. കേരളം പാപ്പരായ സംസ്ഥാനമാണെന്നും ധനസ്ഥിതി തകർന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ ഖജനാവ് കാലിയല്ലെന്നും ഏകദേശം 6,000 കോടി രൂപ ബാക്കി വെച്ചാണ് സർക്കാർ മാറിയതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചിരുന്നു. ഗ്യാരണ്ടി പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കുന്നത് ഈ ധനശേഷിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ, ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തത നൽകാനാണ് സർക്കാർ നീക്കം. മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമും ഖജനാവ് കാലിയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക