മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപ്പാക്കാതെ വഴിയില്ല; സർക്കാർ കോടതി വിധി മാനിക്കണമെന്ന് ഹൈക്കോടതി

എറണാകുളം മലയിടംതുരുത്ത് പരിയത്ത് കാവിലെ കുടിയൊഴിപ്പിക്കൽ നടപടിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ മറ്റ് മാർഗമില്ലെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ ബാധ്യത നിറവേറ്റണമെന്നും, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ നീട്ടിക്കൊണ്ടുപോകരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തർക്കഭൂമിയിൽ താമസിക്കുന്ന ദലിത് കുടുംബങ്ങൾ ഭൂമിയുടെ നിയമപരമായ അവകാശം സ്ഥാപിക്കുന്നതിനായി ഇതുവരെ നിയമനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അവിടെ തുടരാൻ നിയമപരമായ അവകാശം തെളിയിക്കേണ്ടതുണ്ടെങ്കിലും, ഇതിനായി ബന്ധപ്പെട്ടവർ കോടതിയെ സമീപിച്ചിട്ടില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

നിയമപരമായ അവകാശം സ്ഥാപിക്കാത്ത സാഹചര്യത്തിൽ കുടിയൊഴിപ്പിക്കൽ തടയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ബലപ്രയോഗമില്ലാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിച്ചു. തുടർന്ന് സർക്കാരിന്റെ ആവശ്യം പരിഗണിച്ച കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു.

മലയിടംതുരുത്തിലെ കുടുംബങ്ങളെ മേയ് 26നകം ഒഴിപ്പിക്കണമെന്നായിരുന്നു നേരത്തെ ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം അഭിഭാഷക കമ്മീഷൻ പ്രദേശത്ത് എത്തി നടപടികൾ ആരംഭിക്കാൻ ശ്രമിച്ചപ്പോൾ വലിയ പ്രതിഷേധവും സംഘർഷാവസ്ഥയും ഉണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക