നേമം തെരഞ്ഞെടുപ്പ് വിവാദം: സിപിഎം നേതാക്കൾ ബി ജെ പിയിൽ നിന്നും പണം വാങ്ങിയെന്ന വാർത്ത വ്യാജം: വി ശിവൻകുട്ടി

ചില മാധ്യമങ്ങളിൽ സി.പി. എം നേതാക്കൾ ബി.ജെ.പിയിൽ നിന്ന് പണം വാങ്ങി നേമത്ത് ഇടത് സ്ഥാനാർഥിയെ തോൽപ്പിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റും വസ്തുതാവിരുദ്ധവുമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സമിതി അംഗം വി ശിവൻകുട്ടി വ്യക്തമാക്കി.

ഇത്തരം വാർത്തകൾ പാർട്ടിയെയും ആത്മാർത്ഥ പ്രവർത്തകരെയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും വളർന്ന പ്രസ്ഥാനമാണ് സി.പി. എം എന്നും, പാർട്ടിയുടെ ആഭ്യന്തര ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് മാധ്യമധർമ്മത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

നേമത്തെയും തിരുവനന്തപുരത്തെയും പാർട്ടി പ്രവർത്തകരും ജനങ്ങളും ഫാസിസ്റ്റ് ശക്തികൾക്കും വലതുപക്ഷ നയങ്ങൾക്കും എതിരെ ഒറ്റക്കെട്ടായി പോരാടുകയാണെന്നും, ആ രാഷ്ട്രീയ ബോധത്തെ തകർക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്ന് വി ശിവൻകുട്ടി ആരോപിച്ചു.

വ്യാജവാർത്തകൾ വഴി പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാനോ പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനോ കഴിയില്ലെന്നും, ജനങ്ങൾ ഇത്തരം കള്ളപ്രചാരണങ്ങളെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തയ്ക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പൊതുജനങ്ങളോടും പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക