നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി പരസ്യമായി പ്രകടമായത്. സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ള ഒരു സംസ്ഥാന സെക്രട്ടറിയും സിപിഐയ്ക്ക് ലഭിച്ചിട്ടില്ലെന്ന വിമര്‍ശനമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ആവശ്യമായ നേതൃഗുണമില്ലെന്നും, പല വിഷയങ്ങളിലും അദ്ദേഹം വൈകാരികമായി മാത്രമാണ് പ്രതികരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ബിനോയ് വിശ്വത്തിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണകരമല്ലെന്നും, സിപിഎമ്മിന്റെ ‘ബി ടീം’ എന്ന വിമര്‍ശനത്തില്‍നിന്ന് സിപിഐയ്ക്ക് പുറത്തുവരാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മന്ത്രിയായിരുന്ന ജെ. ചിഞ്ചുറാണിക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പഞ്ചായത്ത് മെമ്പറാകാന്‍ പോലും ചിഞ്ചുറാണിക്ക് യോഗ്യതയില്ലെന്ന പരാമര്‍ശം വരെ യോഗത്തില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലം ചടയമംഗലം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ച ചിഞ്ചുറാണിയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയുണ്ടാക്കിയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ശക്തമാണെന്നും, അതിന് കാരണക്കാരില്‍ ഒരാളാണ് ചിഞ്ചുറാണിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ രാഷ്ട്രീയ-സംഘടനാപരമായ തീരുമാനങ്ങളുണ്ടെന്ന വിലയിരുത്തലും നേതാക്കള്‍ പങ്കുവച്ചു.
സിപിഎം നേതൃത്വത്തിനെതിരെയും യോഗത്തില്‍ പരോക്ഷ വിമര്‍ശനം ഉയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്പില്‍ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതും, നാദാപുരത്ത് സത്യന്‍ മൊകേരി ഭാര്യ പി. വസന്തത്തെ സ്ഥാനാര്‍ഥിയാക്കിയതും തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കിയതെന്ന് സിപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള കുടുംബാധിപത്യ രാഷ്ട്രീയത്തിന് സംസ്ഥാന നേതൃത്വം കൂട്ടുനിന്നതാണ് നാദാപുരത്തെ വമ്പന്‍ പരാജയത്തിന് കാരണമായതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
