മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മല്ലിക സുകുമാരൻ. സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണെന്നും അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയിലെ ഭിന്നതകളും വിവാദങ്ങളും പരസ്യമായ സാഹചര്യത്തിലാണ് മല്ലിക സുകുമാരന്റെ തുറന്ന വിമർശനം.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു. “പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്തത്ര നാണക്കേടാണ് സംഘടന ഉണ്ടാക്കി വെച്ചിരിക്കുന്നത്,” എന്നാണ് അവരുടെ വിമർശനം. സംഘടനയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്നും പല കാര്യങ്ങളും രഹസ്യമായാണ് നടക്കുന്നതെന്നുമാണ് അവർ ആരോപിച്ചത്.
‘അമ്മ’യുടെ ഓഫീസിൽ ഇത്രയധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്തിനാണെന്നും മല്ലിക സുകുമാരൻ ചോദിച്ചു. “എല്ലാം ഒളിച്ചും പതുങ്ങിയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ അവിടെ കാണുന്നത്,” എന്നായിരുന്നു അവരുടെ പരാമർശം. സംഘടനയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മമ്മൂട്ടിയും മോഹൻലാലും നേരിട്ട് ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
സംഘടനയിലെ ചില അംഗങ്ങൾക്കെതിരെയും മല്ലിക സുകുമാരൻ തുറന്ന വിമർശനം ഉന്നയിച്ചു. കുക്കു പരമേശ്വരൻ തന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചുവെന്നും, ശ്വേതാ മേനോൻ താൻ ഒന്നും അറിയില്ലെന്ന നിലപാട് സ്വീകരിക്കുന്നത് വിശ്വസിക്കാനാകില്ലെന്നും അവർ പറഞ്ഞു.
നടി അൻസിബ ഹസന്റെ മനസ്സിൽ ആരോ “വിഷം കുത്തിവെച്ചിരിക്കുകയാണ്” എന്നും മല്ലിക സുകുമാരൻ ആരോപിച്ചു. കൂടാതെ, ടിനി ടോം നിർദ്ദേശിച്ചതിനെ തുടർന്നാണ് അൻസിബ ഹസനും സരയുവും കമ്മിറ്റിയിൽ എത്തിയതെന്നും അവർ വെളിപ്പെടുത്തി.
‘അമ്മ’ സംഘടനയ്ക്കുള്ളിലെ വിവാദങ്ങൾ വീണ്ടും ശക്തമായ സാഹചര്യത്തിൽ മല്ലിക സുകുമാരന്റെ പ്രതികരണം സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
