ബലാത്സംഗക്കേസിൽ മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര സെഷൻസ് കോടതി വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികൾ കൂറുമാറിയതോടെയാണ് കോടതിയുടെ നിർണായക വിധി.
താൻ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ മൊഴി നൽകിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഇതിനെ തുടർന്നാണ് പ്രതിഭാഗത്തിന് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലായിരുന്നു എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരുന്നത്.
പരാതിക്കാരിയായ യുവതിയെ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എൽദോസ് കുന്നപ്പിള്ളിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളായിരുന്നു. കേസ് പിൻവലിക്കാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ഉണ്ടായിരുന്നത്.
സാക്ഷിമൊഴികളിലെ മാറ്റവും തെളിവുകളുടെ അഭാവവും പരിഗണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടതെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
