“റോഡുകൾ നിർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് ഞങ്ങൾക്ക് ഹെലികോപ്റ്ററുകളെങ്കിലും തരൂ” — ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറുക്കി ഗ്രാമവാസികൾ കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷായ്ക്ക് അയച്ച കത്തിലെ ഈ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി പൂർത്തിയാകാതെ കിടക്കുന്ന റോഡ് നിർമാണത്തിന്റെ ദുരിതങ്ങൾ വിവരിച്ചാണ് ഗ്രാമവാസികൾ ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ പണി വർഷങ്ങളായി മുടങ്ങിയിരിക്കുകയാണെന്നും, കരാറുകാർ റോഡിൽ കുഴികൾ എടുത്ത് പാലം പണി പാതിവഴിയിൽ ഉപേക്ഷിച്ചെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.
മഴക്കാലമാകുമ്പോൾ ഗ്രാമം പൂർണമായും പുറംലോകത്തിൽ നിന്ന് ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. റോഡ് സൗകര്യമില്ലാത്തതിനാൽ ഗർഭിണികൾ, പ്രായമായവർ, ഗുരുതര രോഗികൾ എന്നിവരെ പരമ്പരാഗത ഡോളികളിൽ ചുമന്ന് കിലോമീറ്ററുകളോളം കൊണ്ടുപോകേണ്ടിവരുന്നതായും ഗ്രാമവാസികൾ പറയുന്നു. പ്രധാന റോഡിലെത്തിയ ശേഷമാണ് ആംബുലൻസോ മറ്റ് വാഹനങ്ങളോ ലഭ്യമാകുന്നത്.
ഗ്രാമ സർപഞ്ച് ഉൾപ്പെടെ നിരവധി തവണ ജില്ലാ ഭരണകൂടത്തിനും കളക്ടർക്കും നിവേദനങ്ങൾ നൽകിയിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. “വാഗ്ദാനങ്ങൾ മാത്രമാണ് ലഭിക്കുന്നത്, യാഥാർത്ഥ്യത്തിൽ ഒരു ജോലിയും നടക്കുന്നില്ല,” എന്നാണ് ഗ്രാമവാസികളുടെ പരാതി.
മുൻകാലങ്ങളിൽ നക്സൽ ഭീഷണിയാണ് റോഡ് പണി തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചിരുന്നതായി ഗ്രാമവാസികൾ ഓർമ്മിപ്പിക്കുന്നു. എന്നാൽ സംസ്ഥാനത്ത് നക്സലിസം വലിയ തോതിൽ കുറഞ്ഞുവെന്ന് സർക്കാർ തന്നെ അവകാശപ്പെടുമ്പോൾ, തങ്ങളുടെ ഗ്രാമത്തിന് അടിസ്ഥാന റോഡ് സൗകര്യം പോലും ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു.
നൂതനമായ ഈ പ്രതിഷേധം കാരണം വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് മറുക്കി ഗ്രാമവാസികളുടെ ആവശ്യം.
