ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റിയാൽ ഏത് ഗാന്ധിയനും പ്രതികരിക്കും; ഇഡിക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം: ഇ.പി ജയരാജൻ

സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർ പക്വമായ നിലപാടാണോ സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തലസ്ഥാനത്ത് ബോധപൂർവ്വം ഒരു പ്രശ്നം സൃഷ്ടിക്കാനാണ് ഇഡി ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും, അവർക്ക് നേരെയുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

“സാധാരണഗതിയിൽ എന്താണ് ചെയ്യേണ്ടത്? വലിയൊരു ജനക്കൂട്ടം കടുത്ത ക്ഷോഭത്തോടെ പുറത്തുനിൽക്കുന്നു, മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് മുന്നോട്ട് പോകാൻ പറ്റുമോ? അങ്ങനെ ചെയ്താൽ സ്വാഭാവികമായും ജനങ്ങളിൽ നിന്ന് പ്രതികരണമുണ്ടാകില്ലേ? ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ വണ്ടിയോടിച്ചു കയറ്റാൻ നോക്കിയാൽ ഏത് ഗാന്ധിയന്മാരും പ്രതികരിച്ചു പോകും. അതാണ് ഇവിടെയും സംഭവിച്ചത്,” ഇ.പി. ജയരാജൻ പറഞ്ഞു.

പിണറായിയിലെ വിജയന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ അവിടെയെല്ലാവരെയും ശാന്തരാക്കി മാറ്റിനിർത്തി സുരക്ഷിതമായാണ് അവർ മടങ്ങിയത്. അവിടെ യാതൊരു പ്രശ്നവും ഉണ്ടായില്ല. എന്നാൽ തിരുവനന്തപുരത്ത് ബോധപൂർവ്വം പ്രകോപനം ഉണ്ടാക്കാനാണ് ഉദ്യോഗസ്ഥർ മുതിർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോധപൂർവ്വം ഇത്തരമൊരു സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് ഇ.പി ജയരാജൻ ആരോപിച്ചു.

കേരളത്തിൽ ആർഎസ്എസ് – ബിജെപി – കോൺഗ്രസ് സഖ്യത്തിന്റെ ‘ഹിഡൻ അജണ്ടയും’ രഹസ്യ ഡീലും നടപ്പിലാക്കാനാണ് ഈ നീക്കങ്ങളെല്ലാം. ഇതിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെയും പ്രത്യേകിച്ച് സി.പി.ഐ.എമ്മിനെയും തകർക്കാമെന്നാണ് ഇവർ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ അത്തരം വിലകുറഞ്ഞ നീക്കങ്ങൾ കൊണ്ട് തകർന്നുപോകുന്നതല്ല സി.പി.ഐ.എം എന്ന് എതിരാളികൾ മനസ്സിലാക്കുന്നത് നന്നാവുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക