ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഒമാനെയും ആക്രമിക്കും ; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ സഖ്യകക്ഷിയായ ഒമാനെതിരെ പോലും സൈനിക നീക്കം നടത്തുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഈ സുപ്രധാന ജലപാത പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.

ഈ സാഹചര്യത്തിൽ, ജലപാത വീണ്ടും തുറക്കുന്നതിനായി ഇറാനും ഒമാനും സംയുക്തമായി ഒരു അനൗദ്യോഗിക കരാർ രൂപീകരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ വിവാദ പ്രസ്താവനയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

“ഇല്ല, ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നുകൊടുക്കുക തന്നെ ചെയ്യും. ഞങ്ങൾ അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിന്മേൽ ആരും ആധിപത്യം സ്ഥാപിക്കാൻ പോകുന്നില്ല. അത് അന്താരാഷ്ട്ര സമുദ്രമാണ് . ഒമാൻ മറ്റുള്ളവരെപ്പോലെ മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം നമുക്ക് അവരെയും ആക്രമിക്കേണ്ടി വരും . അവർക്ക് അത് മനസ്സിലാകും, അവർക്ക് കുഴപ്പമൊന്നുമില്ല.”- ട്രംപ് പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിവന്ന ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി നിന്നത് യുഎസിന്റെ വിശ്വസ്ത സഖ്യകക്ഷിയായ ഒമാനായിരുന്നു. എന്നാൽ മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ ഈ ചർച്ചകൾ നിർത്തിവെക്കുകയായിരുന്നു. ഭൂമിശാസ്ത്രപരമായി ഹോർമുസ് കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന്റെ ഇരുവശങ്ങളിലുമായാണ് ഒമാനും ഇറാനും സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആകെ സമുദ്ര എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്നത് ഈ സുപ്രധാന ജലപാതയിലൂടെയാണ്.

യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾ ശക്തമായതോടെ, തങ്ങളോട് ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ വിലക്കിയിരുന്നു. ഇതിന് മറുപടിയായി ഏപ്രിൽ മാസം മുതൽ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾ പൂർണ്ണമായി ഉപരോധിച്ചു. എന്നാൽ കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനും കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുമുള്ള പൂർണ്ണ പരമാധികാരം തങ്ങൾക്കുണ്ടെന്നാണ് ഇറാൻ വാദിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക