വിഡി സതീശന്റേത് വെറും ‘മോനോന്‍’ അല്ല; അതിന്റെ പിറകില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്: ബിനോയ് വിശ്വം

കേന്ദ്ര ഏജൻസികളെയും ഓലപ്പാമ്പുകളെയും കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്ന് ഒരു ഇഡിയും മോദിയും വി.ഡിയും വിചാരിക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയന്റെ വസതിയിൽ ഇഡി ഇന്നലെ എട്ട് മണിക്കൂറോളം നടത്തിയത് വെറും റെയ്ഡ് നാടകം മാത്രമാണ്. മോദി-വി.ഡി-ഇഡി സഖ്യത്തിന്റെ ഗൂഢാലോചനയ്‌ക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ റെയ്ഡ് പൂർണ്ണമായും ആസൂത്രിതമാണെന്നും സിഎംആർഎൽ കേസിൽ പിണറായി വിജയന്റെ പേര് മനഃപൂർവ്വം വലിച്ചിഴയ്ക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ദേശീയതലത്തിലെ കോൺഗ്രസ് നിലപാടുകളെയും രാഹുൽ ഗാന്ധിയെയും ബിനോയ് വിശ്വം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

“രാഹുൽ ഗാന്ധി ഒരു കോൺഗ്രസ് നേതാവാണ്. എന്തുകൊണ്ടാണ് ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. യഥാർത്ഥത്തിൽ ആ ചോദ്യം ആർക്കു വേണ്ടിയായിരുന്നു? രാഹുലും കോൺഗ്രസും ഇപ്പോൾ ആരുടെ കൂടെയാണ് നിൽക്കുന്നത്? രാജ്യത്തെ മുഖ്യശത്രു ആർ.എസ്.എസ് ആണെന്ന ‘ഇന്ത്യാ’ സഖ്യത്തിന്റെ കാതൽ കോൺഗ്രസും രാഹുലും മറന്നുപോയി. ആർ.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നത്.”

കോൺഗ്രസിന് രാജ്യത്തെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായി അറിയാമെങ്കിൽ അവർ ഒരിക്കലും ബി.ജെ.പിക്ക് വേണ്ടി ഇങ്ങനെ ഒത്താശ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ പേര് മാറ്റിയതിനെതിരെയും ബിനോയ് വിശ്വം കടുത്ത രാഷ്ട്രീയ പരിഹാസം ഉന്നയിച്ചു. വി.ഡി. സതീശൻ തന്റെ പേര് ‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്നാക്കി മാറ്റിയത് താൻ ബി.ജെ.പിയുടെ കൂടെയുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്താനാണ്. അത് വെറുമൊരു ‘മേനോൻ’ വിളിയല്ല, മറിച്ച് അതിന്റെ പിന്നിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്. ഇത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യക്തമായ രാഷ്ട്രീയ ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ഇടതുപക്ഷം അനുവദിക്കില്ലെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. “നിങ്ങളെല്ലാവരും ഒന്നിച്ച് വരിക, അതിനെ ഞങ്ങൾ ഒരുമിച്ച് തന്നെ നേരിടും. ഞങ്ങൾക്ക് എന്നും ഒരൊറ്റ പക്ഷമേയുള്ളൂ, അത് ജനപക്ഷമാണ്,” എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മറുപടി രേഖപ്പെടുത്തുക