കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിന് നല്ലത് എന്ന പ്രസ്താവനയിലൂടെ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ട പ്രമുഖ കവി കെ. സച്ചിദാനന്ദൻ, വീണ്ടും സി.പി.എമ്മിനും പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായ നടപടിയെ വിമർശിച്ച അദ്ദേഹം, ഈ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്നും തുറന്നടിച്ചു. തന്റെ 80-ാം ജന്മദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന ഒരാൾ തന്നെ പ്രതിപക്ഷ നേതാവാകുമെന്ന് കരുതിയിരുന്നില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു. കൂടുതൽ ഊർജ്ജസ്വലനായ, അല്ലെങ്കിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന, കമ്മ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല വർത്തമാനവും ഭാവിയുമുള്ള മറ്റൊരാളെ കണ്ടെത്തണമായിരുന്നു എന്നാണ് എല്ലാവരെയും പോലെ താനും ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സി.പി.എമ്മിന്റെ സൈബർ-രാഷ്ട്രീയ ആക്രമണങ്ങളെയും സച്ചിദാനന്ദൻ ശക്തമായി വിമർശിച്ചു. “ഇ.ഡിയുടെ നായാട്ടിനെ ഞാൻ ന്യായീകരിക്കുന്നില്ല. എന്നാൽ അന്വേഷണത്തെ ആക്രമണം കൊണ്ടല്ല നേരിടേണ്ടിയിരുന്നത്. എന്തുകൊണ്ട് അതിനെ സമാധാനപരമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല? ഇ.ഡി അന്വേഷണത്തെ സത്യം കൊണ്ടാണ് നേരിടേണ്ടത്. എന്നാൽ ഇപ്പോൾ ഉണ്ടായ പ്രതികരണങ്ങൾ കണ്ടാൽ സത്യത്തെ ഭയപ്പെടുന്നത് പോലെയാണ് തോന്നുക.”- അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നമെന്നും ഇത് തുടർന്നാൽ കമ്മ്യൂണിസത്തിന് നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇടതുപക്ഷത്തെ തോൽപ്പിച്ചത് മറ്റാരുമല്ല, ഇടതുപക്ഷം തന്നെയാണ്. അവർ സാധാരണ ജനങ്ങളെ കൈവിട്ടു കളഞ്ഞു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും വിളിച്ചുപറയുന്ന സൈബർ സഖാക്കൾക്ക് ഈ പരാജയത്തിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ അമിത പരസ്യങ്ങൾ ജനങ്ങൾക്കിടയിൽ തിരിച്ചടിയുണ്ടാക്കി. കോവിഡ് കാലത്ത് ജനങ്ങളെ രക്ഷിച്ച മികച്ച മറ്റ് മന്ത്രിമാർ ഉണ്ടായിരുന്നിട്ടും പിണറായിയെ മാത്രം ഉയർത്തിക്കാട്ടാൻ ശ്രമിച്ചു. ജനങ്ങൾ ഇതെല്ലാം കൃത്യമായി കാണുന്നുണ്ടായിരുന്നുവെന്നും സച്ചിദാനന്ദൻ ഓർമ്മിപ്പിച്ചു.
