അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ല, വികസനത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒപ്പമുണ്ടാകും: എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് പുതിയ അതിവേഗ റെയിൽപ്പാത കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പുറത്തുപോയി എന്ന് കരുതി നാടിന് ഗുണം ചെയ്യുന്ന വികസന പദ്ധതികളെ സി.പി.ഐ.എം എതിർക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, മുൻപ് ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്ത കെ-റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ എതിർത്ത് തോൽപ്പിച്ച യു.ഡി.എഫ്, ഇപ്പോൾ സമാനമായ പദ്ധതിയുമായി വരുന്നതിനെ അദ്ദേഹം ശക്തമായി വിമർശിച്ചു.

ഇടതു സർക്കാർ കൊണ്ടുവന്ന കെ-റെയിൽ പദ്ധതി വേണ്ടെന്ന് വച്ചതിന് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. വികസന പദ്ധതികൾ ആര് പ്രഖ്യാപിച്ചാലും സി.പി.ഐ.എം അതിനെ പിന്തുണയ്ക്കും. എന്നാൽ നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും വികസനത്തോടുള്ള ആത്മാർത്ഥത കൊണ്ടല്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റയുടൻ മുൻ സർക്കാർ വലിയ പ്രാധാന്യത്തോടെ മുന്നോട്ടുവെച്ച കെ-റെയിൽ പദ്ധതി റദ്ദാക്കിയിരുന്നു. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ, മെട്രോമാൻ ഇ. ശ്രീധരൻ പുതിയ അതിവേഗ പാതയ്ക്കുള്ള മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായതും സി.പി.ഐ.എം തങ്ങളുടെ വികസന നിലപാട് വ്യക്തമാക്കിയതും.

മറുപടി രേഖപ്പെടുത്തുക