ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി; ശക്തമായ സമരമുണ്ടാകുമെന്ന് മുന്നറിയിപ്പ്

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കി കെ-റെയിൽ വിരുദ്ധ സമിതി. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഇത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകരുതെന്ന് സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ആവശ്യപ്പെട്ടു.

രണ്ട് ലക്ഷത്തിലധികം കോടി രൂപ ചെലവ് വരാവുന്ന ഈ പദ്ധതിക്ക് പകരം നിലവിലുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതാണ് പ്രായോഗികമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രോഡ് ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എ ലോണിലേക്കോ മാറേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. കേരളത്തിൽ 100 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്ന് വന്ദേഭാരത് എക്സ്പ്രസ്സ് ഇതിനകം തെളിയിച്ചിട്ടുള്ളതാണെന്നും സമിതി ഓർമ്മിപ്പിച്ചു. വിഷയം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, മുൻപ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉണ്ടായതിന് സമാനമായ ജനകീയ സമരം ഈ പദ്ധതിക്കെതിരെയും ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നൽകി.

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിരുദ്ധ സമിതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇ. ശ്രീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽപ്പാത സംബന്ധിച്ച പ്രാഥമിക കരട് റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായാണ് വിവരം.

മറുപടി രേഖപ്പെടുത്തുക