ബി.ജെ.പി വിട്ട് പുതിയ പാർട്ടിയിലേക്ക്; തമിഴകത്തെ ചൂടുപിടിപ്പിച്ച് അണ്ണാമലൈ പോസ്റ്ററുകളും ‘അൻപ് കൂട്ടവും’

തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാമലൈ എന്ന പേരിനെച്ചൊല്ലിയുള്ള പുകച്ചിലുകൾ ഒടുങ്ങുന്നില്ല. മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ തമിഴകത്ത് ഇപ്പോൾ കാട്ടുതീ പോലെയാണ് പടരുന്നത്. കോയമ്പത്തൂർ നഗരത്തിലുടനീളം അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ച പോസ്റ്ററുകളും ‘അണ്ണാമലൈ വെൽഫെയർ അസോസിയേഷൻ’ ആരംഭിച്ച അംഗത്വ വിതരണവുമാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.

ഇതിനെല്ലാം പുറമെ ബി.ജെ.പിയുടെ നിർണ്ണായക യോഗങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിട്ടുനിൽക്കൽ കൂടിയായപ്പോൾ രാഷ്ട്രീയ നിരീക്ഷകരും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. നിലവിൽ ബി.ജെ.പിയുടെ സംസ്ഥാന-കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കോയമ്പത്തൂരിൽ വെച്ചാണ് നടക്കുന്നത്. എന്നാൽ, പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ യോഗങ്ങളിൽ പങ്കെടുക്കാതെ അണ്ണാമലൈ വിദേശത്തേക്ക് പോയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം, കോയമ്പത്തൂർ നഗരത്തിലുടനീളം അണ്ണാമലൈയുടെ കൂറ്റൻ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. “നിർഭയ മനസ്സുകൾക്ക് അതിരുകളില്ല” എന്ന ശക്തമായ സന്ദേശമാണ് ഈ പോസ്റ്ററുകളിലുള്ളത്. കൂടാതെ, അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ ‘അണ്ണാമലൈ അൻപു കൂട്ടം’ സംസ്ഥാനത്തുടനീളം പുതിയ പ്രവർത്തകരെ കണ്ടെത്താനുള്ള അംഗത്വ കാമ്പെയ്ൻ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതും പുതിയ പാർട്ടി പ്രഖ്യാപനത്തിന്റെ മുന്നോടിയായാണെന്ന് വിലയിരുത്തപ്പെടുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന ‘ത്രിഭാഷാ തത്വം’ അണ്ണാമലൈ പരസ്യമായി തള്ളിക്കളഞ്ഞത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പരിഷ്കാരം തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും, മുൻപ് തീരുമാനിച്ചതുപോലെ 2029-30 അധ്യയന വർഷം മുതൽ മാത്രമേ ഇത് നടപ്പിലാക്കാവൂ എന്നും അണ്ണാമലൈ ഡൽഹിയിലെ മുതിർന്ന നേതാക്കൾക്ക് കടുത്ത ഭാഷയിൽ അന്ത്യശാസനം നൽകി. ഈ ഭാഷാ നയ തർക്കമാണ് അദ്ദേഹം പാർട്ടി വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

2021 മുതൽ 2025 വരെ തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റായിരുന്ന കാലയളവിൽ അണ്ണാമലൈ എടുത്ത ചില തീവ്ര നിലപാടുകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. തമിഴ് ജനതയുടെ ദ്രാവിഡ പ്രതീകങ്ങളായ സി.എൻ. അണ്ണാദുരൈ, ജെ. ജയലളിത എന്നിവർക്കെതിരെ അണ്ണാമലൈ നടത്തിയ വിവാദ പരാമർശങ്ങൾ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയെ ചൊടിപ്പിച്ചു.

അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെയുടെ കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ ബി.ജെ.പി ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു. പദവി നഷ്ടപ്പെട്ടതുമുതൽ പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തിയിലായിരുന്ന അണ്ണാമലൈ ഒടുവിൽ സ്വന്തം രാഷ്ട്രീയ പാത തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് സൂചന.

എന്നാൽ , ഈ സംഭവവികാസങ്ങളോടൊന്നും കെ. അണ്ണാമലൈ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, തമിഴ്‌നാടിന്റെ മണ്ണിൽ പുതിയൊരു രാഷ്ട്രീയ ശക്തിയുടെ പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്ന ഉറപ്പിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.

മറുപടി രേഖപ്പെടുത്തുക