വിനോദിനി ബാലകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി എം.വി. ഗോവിന്ദൻ; പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്ന് വിശദീകരണം

അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച ഗുരുതരമായ അവഗണനാ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിയേരിയുടെ കുടുംബത്തെ പാർട്ടി ആരും അവഗണിച്ചിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് പോലും താൻ അവരുടെ വീട്ടിൽ പോയിരുന്നുവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

“ആരും തിരിഞ്ഞുനോക്കാതിരുന്നിട്ടില്ല. വിനോദിനി ആരെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് അവരോട് തന്നെ ചോദിക്കണം. എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാൻ വ്യക്തിപരമായി ഇടയ്ക്കിടെ ആ വീട്ടിൽ പോകാറുള്ളതാണ്. പാർട്ടിയിൽ ആരെയും അവഗണിക്കുന്ന ഒരു നിലപാട് സി.പി.എം. സ്വീകരിക്കാറില്ല, താനും അങ്ങനെയൊരു നിലപാട് എടുത്തിട്ടില്ല,” എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ, ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ ലേഖനത്തിലാണ് വിനോദിനി ബാലകൃഷ്ണൻ സി.പി.എമ്മിലെ ഒരു പ്രമുഖ പോളിറ്റ് ബ്യൂറോ അംഗത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഈ വിമർശനം നിലവിലെ സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടാണെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താൻ ഉദ്ദേശിച്ച നേതാവ് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്ന് വിനോദിനി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയനെ ഫോൺ വിളിച്ചാൽ അദ്ദേഹം എടുക്കുമെന്നും തിരക്കിലാണെങ്കിൽ പിന്നീട് തിരിച്ചുവിളിക്കാറുണ്ടെന്നും വിനോദിനി ലേഖനത്തിൽ കുറിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക