ആശ്വാസമാകുന്ന ഇറാന്റെ പ്രഖ്യാപനം; ഇസ്രായേലിനെതിരെയുള്ള സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു

പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തിയ നേരിട്ടുള്ള മിസൈലാക്രമണങ്ങൾക്ക് പിന്നാലെ, ഇസ്രായേലിനെതിരായി നടത്തിയ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഞായറാഴ്ച രാത്രി ഇറാൻ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു.

ഇതിനെ തുടർന്ന് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തി. അതോടുകൂടി മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധസാഹചര്യം ഉടലെടുത്തെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് ഇരു രാജ്യങ്ങളും ആക്രമണങ്ങൾ നിർത്തണമെന്ന് ആഹ്വാനം ചെയ്തതോടെയാണ് സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടായത്.

തങ്ങൾ നടത്തിയ ആക്രമണങ്ങളെ ‘വേദനാജനകമായ പ്രതികരണം’ എന്ന് വിശേഷിപ്പിച്ച ഇറാൻ സൈനിക ആസ്ഥാനം, ഇപ്പോഴുള്ള സാഹചര്യത്തിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതായി വ്യക്തമാക്കി. എന്നാൽ , വരും ദിവസങ്ങളിൽ തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ കൂടുതൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറുപടിയായി ഇറാന് നേരെ തങ്ങൾ നടത്തിവന്ന ആക്രമണങ്ങൾ നിർത്തിവച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചു.

നിലവിൽ ഇരു രാജ്യങ്ങളും പിൻവാങ്ങിയതോടെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, സ്റ്റോക്ക് ഫ്യൂച്ചറുകൾ നേട്ടത്തിലേക്ക് ഉയർന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലെ കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്ന ആദ്യ നേരിട്ടുള്ള ഏറ്റുമുട്ടലാണിത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് തോന്നുമെങ്കിലും, ഇറാന്റെ സോപാധിക നിലപാടുകൾ കാരണം പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

മറുപടി രേഖപ്പെടുത്തുക