തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച ജവാഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ പ്രശംസയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ അതിന്റെ സാംസ്കാരിക അഭിമാനവും ദേശീയ ആത്മവിശ്വാസവും വീണ്ടെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഈ ചരിത്ര നാഴികക്കല്ല് കൈവരിക്കുന്നതിന്റെ തലേന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ എഴുതിയ പ്രത്യേക ലേഖനത്തിലാണ് തെലുങ്കുദേശം പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ ചന്ദ്രബാബു നായിഡു തന്റെ ചിന്തകൾ പങ്കുവെച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാരിന്റെ പ്രധാന പങ്കാളികളിൽ ഒന്നാണ് ടി.ഡി.പി.
“രാഷ്ട്രം ആദ്യം” എന്ന തത്വത്തിൽ അധിഷ്ഠിതമായ ഒരു ഭരണമാതൃകയിലാണ് ദശലക്ഷക്കണക്കിന് ഇന്ത്യൻ ജനത വിശ്വസിക്കുന്നതെന്നും മോദി കൈവരിച്ച ഈ നേട്ടം ആ ജനവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും നായിഡു ലേഖനത്തിൽ വ്യക്തമാക്കുന്നു.
“ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് നരേന്ദ്ര മോദി എന്ന് ഞാൻ മുൻപും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 12 വർഷത്തെ അദ്ദേഹത്തിന്റെ ഭരണം പൂർത്തിയാകുമ്പോൾ ആ ബോധ്യം കൂടുതൽ ശക്തമാവുകയാണ്. സാമ്പത്തിക വളർച്ചയ്‌ക്കോ രാഷ്ട്രീയ സ്ഥിരതയ്‌ക്കോ വേണ്ടി മാത്രമല്ല, അതിലുപരിയായി ഇന്ത്യയുടെ ആത്മവിശ്വാസം ആഗോളതലത്തിൽ പുനഃസ്ഥാപിച്ചതിന്റെ പേരിലാകും ചരിത്രം ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുക.”- അദ്ദേഹം പറയുന്നു.
ഇത് ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമാണെന്നും അഞ്ച് പതിറ്റാണ്ടുകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി പ്രധാനമന്ത്രിമാരെ നേരിട്ട് നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ആധുനിക ഭരണത്തോടൊപ്പം നാഗരികതയുടെ ആത്മവിശ്വാസവും സമന്വയിപ്പിച്ചതാണ് മോദിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യാനന്തരം ദശാബ്ദങ്ങളോളം ഇന്ത്യ സ്വന്തം സ്വത്വത്തെക്കുറിച്ച് മടിച്ചുനിൽക്കുകയും ലോകത്തിന് മുന്നിൽ അനിശ്ചിതത്വത്തോടെ പെരുമാറുകയും ചെയ്ത ഒരു ഉറങ്ങുന്ന ഭീമനെപ്പോലെയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു നിരീക്ഷിച്ചു. എന്നാൽ ഇന്ന് ആഗോള ക്രമത്തിൽ വലിയ തന്ത്രപരമായ പ്രസക്തിയോടെയാണ് ഇന്ത്യ നിലകൊള്ളുന്നത്. ‘ഇന്ത്യ ആദ്യം’ എന്ന തത്വത്തിലൂന്നി ലോകരാഷ്ട്രങ്ങളോട് തുല്യനിലയിലാണ് രാജ്യം ഇന്ന് സംവദിക്കുന്നത്.
യോഗ, പ്രാണായാമം, ധ്യാനം തുടങ്ങിയ ഇന്ത്യയുടെ പുരാതന വിജ്ഞാന പാരമ്പര്യങ്ങളെ ആധുനിക സാങ്കേതികവിദ്യയോടും ഡിജിറ്റൽ ഭരണത്തോടും വിജയകരമായി സംയോജിപ്പിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഈ തദ്ദേശീയ പാരമ്പര്യത്തിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സമന്വയമാണ് 21-ാം നൂറ്റാണ്ടിൽ ലോകത്തിന് നൽകാനുള്ള ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യ ആഗോള സാമ്പത്തിക രംഗത്ത് 11-ാം സ്ഥാനത്തുനിന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത് കൃത്യമായ ഭരണനിർവ്വഹണത്തിന്റെ ഫലമായാണ്. ജൻ ധൻ അക്കൗണ്ടുകൾ, ഡിജിറ്റൽ തിരിച്ചറിയൽ രേഖകളുടെ സംയോജനം, യു.പി.ഐ (UPI) തുടങ്ങിയ ഡിജിറ്റൽ പൊതുസംവിധാനങ്ങളിലൂടെ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉൾപ്പെടുത്തൽ പ്രക്രിയയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
പതിറ്റാണ്ടുകളായി ക്ഷേമപദ്ധതികളുടെ ചോർച്ചയും ഇടനിലക്കാരുടെ ചൂഷണവും കാരണം ദാരിദ്ര്യം ഇവിടെ നിലനിന്നിരുന്നു. എന്നാൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ 51 ലക്ഷം കോടിയിലധികം രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിയത്. ഇടനിലക്കാരെ പൂർണ്ണമായി ഇല്ലാതാക്കിക്കൊണ്ട് ഡിജിറ്റൽ വിടവ് നികത്തിയതിലൂടെ ഇന്ത്യ യഥാർത്ഥത്തിൽ രാജ്യത്തെ സാമ്പത്തിക വിടവാണ് ഇല്ലാതാക്കിയതെന്നും ചന്ദ്രബാബു നായിഡു ലേഖനത്തിൽ വ്യക്തമാക്കി.
