നേതൃത്വത്തിനെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സി.പി.ഐ.എം റിപ്പോർട്ട്; തിരുത്തലുകളോടെ ഓഗസ്റ്റിൽ വിപുലമായ സംസ്ഥാന കമ്മിറ്റി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്ന കടുത്ത വിമർശനങ്ങളിൽ പലതും വെട്ടിമാറ്റിയും മയപ്പെടുത്തിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തന റിപ്പോർട്ട്. പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യവും, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ ഉയർന്ന വ്യക്തിപരമായ വിമർശനങ്ങളും നയപരമായ വീഴ്ചകളും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുകയോ മയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, സംഘടനയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ നിലപാടറിയിച്ചു. തോൽവിയെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്കായി വരും ഓഗസ്റ്റ് മാസത്തിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. അതിന് മുൻപായി കീഴ്ഘടകങ്ങളിൽ ഒരു വട്ടം കൂടി ചർച്ച നടത്തി നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ യോഗമായിരിക്കും ഓഗസ്റ്റിൽ നടക്കുക.

പാർട്ടിയുടെ കോട്ടയായ കണ്ണൂർ മണ്ഡലത്തിലുണ്ടായത് വലിയ വീഴ്ചയാണെന്ന് സംസ്ഥാന സമിതിയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായി പാളിയെന്നും, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിൽ വോട്ട് ചോർന്നതിൽ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ജാതി സമവാക്യങ്ങളും എസ്.ഐ.ആറും തിരിച്ചടിയായതാണെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ. സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും എന്നാൽ എസ്.ഐ.ആറുകൾ വോട്ട് നഷ്ടപ്പെടാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

യു.ഡി.എഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ബോധപൂർവ്വം നടത്തിയ കുപ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. പത്തു കൊല്ലത്തെ തുടർഭരണം ജനങ്ങളെ ഒരു പരിധി വരെ എതിരാക്കിയെന്നും ഭരണത്തിൽ ചില തെറ്റായ പ്രവണതകൾ ഉണ്ടായെന്നും റിപ്പോർട്ട് സമ്മതിക്കുന്നുണ്ട്. ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

തിരഞ്ഞെടുപ്പ് പരാജയത്തിന് ഏതെങ്കിലും വ്യക്തികളല്ല, മറിച്ച് പാർട്ടി നേതൃത്വത്തിന് കൂട്ടായ വീഴ്ചയാണ് സംഭവിച്ചതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വീഴ്ചകൾ വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്താൻ എല്ലാവരും തയ്യാറാകണം. സ്വയം തിരുത്താൻ തയ്യാറാകാത്തവരെ പാർട്ടി ഇടപെട്ട് തിരുത്തിക്കണമെന്നും റിപ്പോർട്ട് ശക്തമായി ചൂണ്ടിക്കാണിക്കുന്നു.

മറുപടി രേഖപ്പെടുത്തുക