തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം ഇനിയില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.ഐ.എം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാനത്ത് ഡി.എം.കെ നയിച്ചിരുന്ന മതേതര പുരോഗമന സഖ്യം ഇനി നിലവിലില്ലെന്ന് സി.പി.ഐ.എം ഔദ്യോഗികമായി വ്യക്തമാക്കി. ഡി.എം.കെ നയിക്കുന്ന യാതൊരുവിധ സഖ്യത്തിലും തങ്ങൾ ഇപ്പോൾ ഭാഗമല്ലെന്ന് സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം വെളിപ്പെടുത്തി. പുതുക്കോട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ ഡി.എം.കെ സഖ്യം എന്നൊന്നില്ല. മുൻപ് ഞങ്ങൾ ഭാഗമായിരുന്ന മതേതര പുരോഗമന സഖ്യം ഇപ്പോൾ നിലവിലില്ല.”- അദ്ദേഹം പറഞ്ഞു.

എന്നാൽ, സഖ്യം ഒഴിഞ്ഞെങ്കിലും ഇരു പാർട്ടികളും പൊതുവായ രാഷ്ട്രീയ നിലപാടുകൾ പങ്കിടുന്ന വിഷയങ്ങളിൽ ഡി.എം.കെയുമായി ഏകോപനം തുടരുമെന്ന് ഷൺമുഖം വ്യക്തമാക്കി. തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മതേതരത്വം നിലനിർത്തുന്നതിലും സി.പി.ഐ.എം ഡി.എം.കെയ്‌ക്കൊപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ.എമ്മിന്റെ ഈ പുതിയ പ്രഖ്യാപനം ഇടത് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സി.പി.ഐയുടെ നിലപാടിൽ നിന്നുള്ള വ്യക്തമായ മാറ്റമാണ് കാണിക്കുന്നത്. തമിഴ്‌നാട്ടിലെ പുതിയ ടി.വി.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകിയിട്ടും തങ്ങൾ ഇപ്പോഴും ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിൽ തന്നെയാണെന്നായിരുന്നു അടുത്തിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞിരുന്നത്. ഇതിനെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് സി.പി.ഐ.എം ഇപ്പോൾ സഖ്യം തകർന്നതായി പ്രഖ്യാപിച്ചത്.

തന്നോട് കൂടിയാലോചിച്ച ശേഷമാണ് ഇടത് പാർട്ടികൾ ടി.വി.കെ സർക്കാരിനെ പിന്തുണച്ചതെന്ന ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അവകാശവാദത്തിനും ഷൺമുഖം മറുപടി നൽകി. ടി.വി.കെ നയിക്കുന്ന സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ നൽകാനുള്ള തീരുമാനം സി.പി.ഐ.എം സ്വതന്ത്രമായി എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുന്നതിന് മുൻപ് ആരുമായും കൂടിയാലോചിക്കേണ്ടതില്ലെന്നും, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ള പാർട്ടിയാണ് സി.പി.ഐ.എം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പുതിയ ടി.വി.കെ സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന പ്രതിപക്ഷ കക്ഷികളുടെയും എം.കെ. സ്റ്റാലിന്റെയും വിമർശനങ്ങൾ നിരുത്തരവാദപരമാണെന്ന് ഷൺമുഖം കുറ്റപ്പെടുത്തി.

ഭരണത്തിലേറിയ ഉടൻ തന്നെ ഒരു സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. 1.75 കോടിയോളം ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഒരു ഭരണകൂടം നിലനിൽക്കില്ലെന്ന് പറയുന്നത് എടപ്പാടി പളനിസ്വാമിയിൽ നിന്നായാലും എം.കെ. സ്റ്റാലിനിൽ നിന്നായാലും അനുചിതമാണ്. പുതിയ ഭരണകൂടത്തിന് വിവിധ വകുപ്പുകളുടെ പ്രവർത്തനം മനസ്സിലാക്കാൻ ആവശ്യമായ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകളെക്കുറിച്ച് വിജ്ഞാപനം വന്നതിനു ശേഷം മാത്രമേ പാർട്ടി തീരുമാനമെടുക്കൂ എന്നും ഷൺമുഖം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക