ടോൾ തുക ഒഴിവാക്കാനായി ദേശീയപാത 66-ൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കെ.എസ്.ആർ.ടി.സി ബസിന്റെ അപകടകരമായ ഡ്രൈവിങ്. ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾ പ്ലാസ കടക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് വൺവേ തെറ്റിച്ച് ഓടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോഴിക്കോട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇത്തരത്തിൽ കടുത്ത ഗതാഗത നിയമലംഘനം നടത്തിയത്.
കഴിഞ്ഞ ജൂൺ 4-ന് വൈകുന്നേരം 3 മണിയോടെയാണ് കെ.എസ്.ആർ.ടി.സിയുടെ അന്തസ്സിന് നിരക്കാത്ത ഈ സംഭവം നടന്നത്. ദേശീയപാതയിലെ ‘കോഴിക്കോടൻ കിച്ചൺസ്’ ഹോട്ടലിന് സമീപമുള്ള എക്സിറ്റ് വഴി ബസ് പെട്ടെന്ന് വൺവേ തെറ്റിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ബസിന്റെ ഈ അപ്രതീക്ഷിത നീക്കം കാരണം സർവീസ് റോഡിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
റോഡിലുണ്ടായിരുന്ന മറ്റ് വാഹനയാത്രക്കാരും പൊതുജനങ്ങളും ബസിന്റെ നിയമലംഘനത്തിനെതിരെ ശക്തമായി പ്രതികരിച്ചതോടെയാണ് ഡ്രൈവർ പിന്മാറിയത്. തുടർന്ന് ബസ് പതുക്കെ സ്ലോ ട്രാക്കിലേക്ക് മാറ്റുന്നതായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കെ.എസ്.ആർ.ടി.സി ബസിന്റെ ഈ അപകടകരമായ നിയമലംഘനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദേശീയപാതയിലെ ഈ ഭാഗത്ത് ഒരു വശത്തേക്ക് പോകുന്നതിനായി ഫാസ്ടാഗ് വഴി ഏകദേശം 445 രൂപയാണ് ടോൾ ഈടാക്കുന്നത്. എന്നാൽ ഫാസ്ടാഗിൽ പണമില്ലാതെ യു.പി.ഐ വഴിയോ പണമായോ ആണ് ടോൾ അടയ്ക്കുന്നതെങ്കിൽ പിഴയടക്കം 556.25 രൂപ വരെ ചെലവ് വരും. ഇത്രയും വലിയ തുക കെഎസ്ആർടിസി കയ്യിൽ നിന്ന് നൽകേണ്ടി വരുമെന്നത് ഒഴിവാക്കാനാണോ ഡ്രൈവർ യാത്രക്കാരുടെ ജീവൻ പണയം വെച്ച് വൺവേയിലൂടെ ബസ് ഓടിച്ചതെന്ന കടുത്ത സംശയമാണ് ഇപ്പോൾ ഉയരുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും കെ.എസ്.ആർ.ടി.സി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
