പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച.
ഏകദേശം അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ നേർക്കുനേർ ചർച്ച നടത്തുന്നത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ് മമത ബാനർജി നേരിടുന്നത്. പാർട്ടിയിലെ ഒരുവിഭാഗം എം.എൽ.എമാർ കടുത്ത വിമതസ്വരം ഉയർത്തിയതിന് പിന്നാലെ നിരവധി എം.പിമാരും സമാനമായ രീതിയിൽ മമതയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്.
ഈ ആഭ്യന്തര ഭിന്നതകൾക്കിടയിൽ നടന്ന സോണിയ-മമത കൂടിക്കാഴ്ച ഭാവി രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ചുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ രണ്ട് കരുത്തരായ വനിതാ നേതാക്കൾ ഒന്നിച്ചിരുന്നിട്ടും കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യമില്ലാതെ ദേശീയ രാഷ്ട്രീയത്തെയോ മുന്നണി സംവിധാനങ്ങളെയോ ബാധിക്കുന്ന സുപ്രധാനമായ തീരുമാനങ്ങളൊന്നും ഈ ചർച്ചയിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ ഇരു നേതാക്കളും പരസ്പരം കെട്ടിപ്പിടിക്കുകയും വേദിയിൽ അടുത്തടുത്ത് ഇരിക്കുകയും ചെയ്തിരുന്നു. സോണിയയും മമതയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം തൃണമൂൽ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരു നേതാക്കൾക്കുമിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ആത്മബന്ധത്തിന്റെയും രാഷ്ട്രീയ സൗഹൃദത്തിന്റെയും തെളിവാണിതെന്നാണ് ടി.എം.സി നേതാക്കൾ വ്യക്തമാക്കുന്നത്.
