ബെംഗളൂരുവിൽ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ്പദ്ധതിയുടെ ടെൻഡർ നടപടികളിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. പദ്ധതിയിൽ 36,500 കോടി രൂപയുടെ അഴിമതിയും 10,000 കോടി രൂപയുടെ കൈക്കൂലിയും നടന്നതായി കർണാടക നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.
ബിജെപി പ്രതിനിധി സംഘം ഗവർണർ തവാർചന്ദ് ഗെലോട്ടിനെ സന്ദർശിച്ച് വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. ആരോപണങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനെതിരെ നടപടി പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പദ്ധതിയുടെ ടെൻഡർ നടപടികളിൽ സുതാര്യത ഇല്ലായിരുന്നുവെന്നും, ചില കമ്പനികൾക്ക് അനുകൂലമായി വ്യവസ്ഥകളിൽ ഇളവ് നൽകിയെന്നും അശോക ആരോപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള റാംകി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾക്ക് കരാർ ലഭിക്കുന്നതിനായി മുൻകൂട്ടി നീക്കങ്ങൾ നടന്നതായും അദ്ദേഹം പറഞ്ഞു.
ടിപ്പിംഗ് ഫീസ് കണക്കുകൂട്ടലുകളിൽ അസാധാരണ വർധനവ് വരുത്തിയതും ഭൂമി ഏറ്റെടുക്കൽ നടപടികളിലെ ക്രമക്കേടുകളും സംശയാസ്പദമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ടെൻഡർ നടപടികൾ പൂർണമായി പരിശോധിച്ച് കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അശോക ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
