ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: സിന്ധുവും തൻവിയും ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ബാഡ്മിന്റൺ ഓപ്പണിൽ ഇന്ത്യയ്ക്ക് മികച്ച തുടർച്ച. വനിതാ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവും കൗമാരതാരം തൻവി ശർമ്മയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള സിന്ധു, രണ്ടാം റൗണ്ടിൽ സഹതാരവും ലോക 39-ാം നമ്പർ താരവുമായ ഇഷാരാണി ബറുവയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി.

42 മിനിറ്റ് നീണ്ട മത്സരത്തിൽ 22-20, 21-12 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ ചെൻ സു-യുവാണ് സിന്ധുവിന്റെ എതിരാളി. ഈ വർഷം മലേഷ്യ ഓപ്പണിന് ശേഷം രണ്ടാമത്തെ സെമിഫൈനൽ ലക്ഷ്യമിട്ടാണ് സിന്ധു ഇറങ്ങുന്നത്.

മറ്റൊരു മത്സരത്തിൽ 17-കാരിയായ തൻവി ശർമ്മ, പരിചയസമ്പന്നയായ ഇന്ത്യൻ താരം മാളവിക ബൻസോഡിനെ 21-13, 21-15 എന്ന സ്‌കോറിന് കീഴടക്കി അവസാന എട്ടിൽ ഇടം നേടി. ഈ വർഷം തൻവിയുടെ രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്. അടുത്ത റൗണ്ടിൽ ജപ്പാന്റെ ലോകപ്രശസ്ത താരവും ടോപ് സീഡുമായ അകാനെ യമാഗുച്ചിയെ തൻവി നേരിടും.

അതേസമയം, ഇന്ത്യൻ താരം തന്യ ഹേമന്തിന്റെ പോരാട്ടം പ്രീക്വാർട്ടറിൽ അവസാനിച്ചു. ലോക എട്ടാം നമ്പർ താരവും രണ്ടാം സീഡുമായ തായ്‌ലൻഡിന്റെ പോൺപാവീ ചോച്ചുവോങ്ങിനോട് 12-21, 15-21 എന്ന സ്‌കോറിനാണ് തന്യ പരാജയപ്പെട്ടത്.

പുരുഷ ഡബിൾസിൽ എം.ആർ. അർജുനും ഹരിഹരൻ അംസകരുണനും അടങ്ങുന്ന ഇന്ത്യൻ സഖ്യം ന്യൂസിലൻഡിന്റെ മൈക്കൽ ഓവൻ–ഡിലൻ സോയിഡ്ജാസ് കൂട്ടുകെട്ടിനെ 21-17, 21-7 എന്ന സ്‌കോറിന് തോൽപ്പിച്ച് അടുത്ത റൗണ്ടിലേക്ക് കടന്നു. മറ്റൊരു ഇന്ത്യൻ സഖ്യമായ അച്യുതാദിത്യ റാവു ദൊഡ്ഡവരപുവും അർജുൻ റെഡ്ഡി പോച്ചനയും പ്രാദേശിക താരങ്ങളോട് പരാജയപ്പെട്ടതോടെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ പ്രതീക്ഷ അർജുന്‍–ഹരിഹരൻ കൂട്ടുകെട്ടിലേക്കാണ് ചുരുങ്ങിയത്.

ഇതിനിടെ, തോളിന് പരിക്കേറ്റതിനാൽ ഇന്ത്യയുടെ ഒന്നാം നമ്പർ പുരുഷ ഡബിൾസ് സഖ്യമായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി ജോടി ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.

മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് റാവത്തും മനീഷ കീറും അടങ്ങിയ സഖ്യം ജപ്പാന്റെ അകിര കോഗ–നാറ്റ്സു സൈറ്റോ കൂട്ടുകെട്ടിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു.

മറുപടി രേഖപ്പെടുത്തുക