പ്രധാനമന്ത്രി മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ; കർണാടകയുടെ വികസന മുൻഗണനകൾ ചർച്ചയായി

കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഇരുവരും നേരിൽ കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായിരുന്നു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ചർച്ചയായത്.
കൂടിക്കാഴ്ചയിൽ പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയുടെ തടിയിൽ കൊത്തിയെടുത്ത പ്രതിമ ശിവകുമാർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

യോഗത്തിന് ശേഷം പ്രതികരിച്ച ശിവകുമാർ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ ആകർഷണം, നഗര ഗതാഗതം, ജലസേചന പദ്ധതികൾ, നവീകരണ സംരംഭങ്ങൾ, ജനക്ഷേമ പദ്ധതികൾ എന്നിവയാണ് ചർച്ചയിൽ പ്രധാനമായും ഉൾപ്പെട്ടതെന്ന് വ്യക്തമാക്കി. കർണാടകയുടെ വികസന മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.

സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്തുന്നത് വികസന പദ്ധതികൾക്ക് വേഗം കൂട്ടാനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്തേകാനും സഹായിക്കുമെന്ന് മുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കർണാടക നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ആ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നികുതി വിഹിതം, വരൾച്ചാ ദുരിതാശ്വാസ ഫണ്ട്, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം എന്നിവയിൽ കർണാടകയ്ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് ശിവകുമാർ മുൻപ് പലതവണ വിമർശിച്ചിരുന്നു. ബെംഗളൂരുവിലെ വികസന പദ്ധതികൾക്കുംനമ്മ മെട്രോ യെല്ലോ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കും കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടും അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഇതിനിടെ, ദേശീയ തലസ്ഥാന സന്ദർശനത്തിനിടെ ശിവകുമാർ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ 10 ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായതായി വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയ്ക്കും മാർഗനിർദേശത്തിനും നന്ദി രേഖപ്പെടുത്തിയ ശിവകുമാർ, സംസ്ഥാനത്തെയും പാർട്ടിയെയും സംബന്ധിച്ച ഭാവി പദ്ധതികളെക്കുറിച്ചും നേതാക്കളുമായി ആശയവിനിമയം നടത്തിയതായി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക