പ്രശസ്ത ചലച്ചിത്ര നടൻ പ്രകാശ് രാജിനെതിരെ തിരുപ്പതി കോടതിയിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തു. രാമായണത്തെയും ഹിന്ദു ദേവതകളെയും സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി.
ബിജെപി നേതാവും തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവുമായ ജി. ഭാനുപ്രകാശ് റെഡ്ഡിയാണ് തിരുപ്പതിയിലെ നാലാം അഡീഷണൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.
കേരള സാഹിത്യോത്സവം ഉൾപ്പെടെ വിവിധ പൊതുവേദികളിൽ പ്രകാശ് രാജ് നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായി പരാതിയിൽ പറയുന്നു. ഉത്തരേന്ത്യയിൽ നിന്നെത്തിയ ശ്രീരാമനും ലക്ഷ്മണനും ദക്ഷിണേന്ത്യയെ ആക്രമിച്ചുവെന്ന തരത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ആര്യ–ദ്രാവിഡ വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഭാനുപ്രകാശ് റെഡ്ഡി ആരോപിച്ചു.
പ്രകാശ് രാജിന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്നും മതവിശ്വാസങ്ങളെ മനഃപൂർവം അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ പ്രാദേശികവും മതപരവുമായ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 17-ന് സമൂഹമാധ്യമങ്ങളിലൂടെ പ്രസംഗ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ഭാനുപ്രകാശ് റെഡ്ഡി പരാതിയിൽ വ്യക്തമാക്കി. രാമായണം, ശ്രീരാമൻ, ലക്ഷ്മണൻ എന്നിവരെക്കുറിച്ച് പ്രകാശ് രാജ് നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുമുമ്പ്, സമാന വിഷയത്തിൽ പ്രകാശ് രാജിന് ഭാനുപ്രകാശ് റെഡ്ഡി നിയമനോട്ടീസ് അയച്ചിരുന്നു. വിവാദ പരാമർശങ്ങൾക്ക് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട നോട്ടീസിൽ, അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
അതേസമയം, ഏറ്റവും പുതിയ പരാതി കോടതി സ്വീകരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ തുടർവാദം പിന്നീട് പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
