അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: എസ്ഐടി എട്ടുമണിക്കൂർ പരിശോധന നടത്തി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ഷേത്രത്തിൽ വിശദമായ പരിശോധന നടത്തി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ക്ഷേത്ര സമുച്ചയത്തിലെത്തി എട്ടു മണിക്കൂറിലധികം നീണ്ട പരിശോധന നടത്തിയത്.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭാവന പെട്ടികൾ തുറക്കുന്നതു മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സംഘം സൂക്ഷ്മമായി വിലയിരുത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ സ്വകാര്യ ഏജൻസിയാണ് സംഭാവന തുക എണ്ണുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏകദേശം 50 ജീവനക്കാരുടെ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, പ്രവേശന-പുറത്താകൽ രജിസ്റ്ററുകൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ വിരമിച്ച ജീവനക്കാരുടെ വിവരങ്ങൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു.

സംഭാവന തുക എണ്ണുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ നേരത്തെ ഒരു ക്ഷേത്ര ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

സംഭാവന പെട്ടികളിൽ നിന്ന് ലഭിച്ച തുകയും ബാങ്കിൽ നിക്ഷേപിച്ച തുകയും തമ്മിൽ വ്യത്യാസമുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു. അന്വേഷണ പ്രവർത്തനങ്ങൾക്കായി രാമക്ഷേത്ര സമുച്ചയത്തിൽ എസ്ഐടി താൽക്കാലിക ഓഫിസും ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക