തമിഴ്‌നാടിന് 13.18 ലക്ഷം കോടി രൂപയുടെ ബാധ്യത; സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വിജയ് സർക്കാരിന്റെ ധവളപത്രം

തമിഴ്‌നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയിലെത്തിയതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം വെളിപ്പെടുത്തുന്നു. ധനമന്ത്രി എൻ. മേരി വിൽസണാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ദയനീയമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാർ അധികാരമേറ്റതിന് ഒരു മാസം പിന്നിടുമ്പോഴാണ് ധവളപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടബാധ്യത മാത്രം ഏകദേശം 10 ലക്ഷം കോടി രൂപയാണ്. മുൻ ഡിഎംകെ സർക്കാരിന്റെ ഭരണകാലത്താണ് കടബാധ്യതയിൽ വൻ വർധന ഉണ്ടായതെന്നും രേഖ വ്യക്തമാക്കുന്നു. അഞ്ച് വർഷം മുൻപ് 4.8 ലക്ഷം കോടി രൂപയായിരുന്ന നേരിട്ടുള്ള കടം നിലവിൽ 10 ലക്ഷം കോടി രൂപയോട് അടുത്തിരിക്കുകയാണ്.

പെൻഷൻ, ഗ്യാരന്റി ബാധ്യതകൾ ഉൾപ്പെടെയുള്ള മറ്റ് സാമ്പത്തിക ബാധ്യതകൾ കൂടി ചേർത്താൽ സംസ്ഥാനത്തിന്റെ ആകെ ബാധ്യത 13.18 ലക്ഷം കോടി രൂപയാകുന്നുവെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ.

നിലവിലെ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ശരാശരി 1.28 ലക്ഷം രൂപയുടെ കടബാധ്യതയാണ് വരുന്നത്. സംസ്ഥാനത്തിന്റെ കടം-ജിഎസ്ഡിപി (GSDP) അനുപാതം 28.2 ശതമാനത്തിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

വരുമാനക്കമ്മി 46,538 കോടി രൂപയിൽ നിന്ന് 78,324 കോടി രൂപയായി ഉയർന്നതായും ധവളപത്രം വ്യക്തമാക്കുന്നു. സർക്കാർ സമാഹരിക്കുന്ന ഓരോ രൂപയിലും 22.8 പൈസ പലിശ തിരിച്ചടവിനായി ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ധവളപത്രത്തിൽ ഉയർത്തിയിരിക്കുന്ന കണ്ടെത്തലുകളെക്കുറിച്ച് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക