വി.ഡി. സതീശൻ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ അതിവേഗം പിന്നോട്ടുപോകുകയാണെന്നും, ഭരണത്തിന്റെ ആദ്യ മാസം തന്നെ യു.ഡി.എഫ് സർക്കാരിന്റെ സംഘപരിവാർ വിധേയത്വം വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ.എം, സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനി, ജനയുഗം എന്നിവയിൽ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനത്തിലാണ് പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളും വന്യജീവി ആക്രമണങ്ങളും ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രം മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ നയങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്റെ പരമ്പരാഗത നെഹ്റുവിയൻ സോഷ്യലിസ്റ്റ് നിലപാടുകളിൽ നിന്ന് വി.ഡി. സതീശൻ പൂർണമായി വ്യതിചലിച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ വിമർശിച്ചു. യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ‘പുതുയുഗം’ എന്ന മുദ്രാവാക്യം കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ-ജനാധിപത്യ പാരമ്പര്യത്തെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കഴിഞ്ഞ ഒരു മാസത്തെ ഭരണനടപടികൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയും തന്ത്രപ്രധാന സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയ്ക്കും സംഘപരിവാർ ശക്തികൾക്കും പണയം വെക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ തന്നെ സംഘപരിവാർ താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് പരിപാടികളിൽ വൈസ് ചാൻസലർമാർ പങ്കെടുത്തിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതും, ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതും ഇതിന്റെ തെളിവുകളാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ കേരളവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലും യു.ഡി.എഫ് സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘പി.എം. ശ്രീ’ പദ്ധതിയുടെ കാര്യത്തിൽ മുൻപ് സ്വീകരിച്ച നിലപാടുകളിൽ നിന്ന് സർക്കാർ പൂർണമായി വ്യതിചലിച്ച് കേന്ദ്രത്തിന് കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ ഉയർത്തിയ വാഗ്ദാനങ്ങൾ ജനങ്ങളുടെ വോട്ട് നേടുന്നതിനുള്ള രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നുവെന്ന് ഇപ്പോഴത്തെ നടപടികൾ തെളിയിക്കുന്നുവെന്നും പിണറായി വിജയൻ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
