മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; പുതിയ അണക്കെട്ടിന് അനുമതിയില്ലെന്ന് ടിവികെ സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട്ടിലെ ടിവികെ സർക്കാർ രംഗത്ത്. നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് സർക്കാർ വ്യക്തമാക്കിയത്. പുതിയ അണക്കെട്ടിന് അനുമതി നൽകില്ലെന്നും കേരള സർക്കാർ നടത്തുന്ന നീക്കങ്ങൾ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ടിവികെയെന്ന് പ്രസംഗത്തിൽ അദ്ദേഹം അവകാശപ്പെട്ടു. സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും പ്രതീകങ്ങളായ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ആശയങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ഗവർണർ എടുത്തുപറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. അതേസമയം, മുൻ ഡിഎംകെ സർക്കാരിനെതിരെയും നയപ്രഖ്യാപനത്തിൽ രൂക്ഷ വിമർശനമുയർന്നു. സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഒഴുക്ക് തടയുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ പ്രധാന കാരണമായതെന്ന് ഗവർണർ ആരോപിച്ചു.

വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ദ്വിഭാഷാ നയം തുടരുമെന്നും ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കങ്ങളെ സർക്കാർ പിന്തുണയ്ക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക