ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം അനന്തമായി നീട്ടാനാവില്ല; എസ്ഐടിക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്ന് വ്യക്തമാക്കണമെന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) നിർദേശിച്ചു.

കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ദേവസ്വം ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ കർശന ഇടപെടൽ. റിപ്പോർട്ട് പരിശോധിച്ച കോടതി, അന്വേഷണം നീളുന്നതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുകയും നടപടികൾ വേഗത്തിലാക്കാൻ നിർദേശിക്കുകയും ചെയ്തു.

2025-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ പിടിച്ചെടുത്തതായി എസ്ഐടി കോടതിയെ അറിയിച്ചു. ഇടപാടുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഫോറൻസിക് പരിശോധനാ ഫലങ്ങളിൽ ചിലത് ഇനിയും ലഭിക്കാനുണ്ടെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. നേരത്തെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കേസ് സാധാരണ ക്രിമിനൽ കേസുകളെപ്പോലെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വൈകാൻ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈ മാസം 29-നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എസ്ഐടിക്ക് നിർദേശം നൽകി. കേസിന്റെ തുടർനടപടികൾ അതിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക