തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ നികേഷ് കുമാറിന്റെ “പരിപ്പ് എടുക്കും” എന്ന പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് രംഗത്ത്. തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വാക്ക് പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പ്രതികരണം.
നികേഷ് കുമാറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ദീപ്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎം വിട്ട് കോണ്‍ഗ്രസിലേക്കു ചേര്‍ന്ന എം.വി. രാഘവനെ സംരക്ഷിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് ചരിത്രം അവര്‍ ഓര്‍മ്മിപ്പിച്ചു. “സിപിഎം ‘പരിപ്പ് എടുക്കും’ എന്ന് പറഞ്ഞിരുന്ന ഒരു നേതാവ് കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നു — എം.വി. രാഘവന്‍, നികേഷ് കുമാറിന്റെ പിതാവ്. അദ്ദേഹത്തെ സംരക്ഷിച്ച് ജീവന്‍ രക്ഷിക്കുകയും എം.എല്‍.എയുമായി മന്ത്രിയുമായി ഉയര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസ് തന്നെയാണ്,” എന്ന് ദീപ്തി പറഞ്ഞു.
“അന്ന് സിപിഎമ്മിന് പോലും ചെയ്യാനാകാത്ത കാര്യം, അച്ഛനെതിരെ നിലകൊണ്ടവരുടെ പക്ഷത്ത് നില്‍ക്കുന്ന നികേഷ് കുമാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “തരത്തില്‍ പോയി കളിക്കൂ, നികേഷേ,” എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.
ഇതിനുമുമ്പ്, പിണറായി വിജയനെ “നീ” എന്നും “പോ മോനെ” എന്നും വിളിച്ചതിനെതിരെ കടുത്ത പ്രതികരണവുമായി നികേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും ദീര്‍ഘകാലം സിപിഎമ്മിനെ നയിച്ച നേതാവായ പിണറായി വിജയനെ ഇങ്ങനെ അഭിസംബോധന ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. “കേരളത്തിലെ ഏതെങ്കിലും നേതാവിനെയും ഇങ്ങനെ വിളിച്ചാല്‍, ‘നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും’,” എന്നാണ് നികേഷ് കുമാര്‍ പറഞ്ഞത്.
