മെസി കേരളത്തിലെത്തുമെന്ന് പ്രതീക്ഷ നൽകി തലക്കെട്ടുകൾ സൃഷ്ടിച്ച മുൻഗാമിയെപ്പോലെ വാഗ്ദാനങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച ‘കുട്ടിക്കൂട്ടെ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളിലും യുവാക്കളിലും ഡിജിറ്റൽ അഡിക്ഷൻ വർധിച്ചുവരുന്ന സാഹചര്യം ഗൗരവകരമാണെന്നും, അത് മറികടക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക-യുവജന മേഖലയിൽ നടപ്പാക്കാൻ വ്യത്യസ്തമായ ആശയങ്ങൾ മനസ്സിലുണ്ടെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പരിപാടിക്കിടെ കുട്ടികളോടൊപ്പം ഫോട്ടോ എടുക്കുകയും സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്ത് മന്ത്രി ശ്രദ്ധ നേടി. ചടങ്ങിൽ ചലച്ചിത്രതാരം ജിബിന് ഗോപിനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.
